ബെംഗളൂരു: അതീവ സുരക്ഷയൊരുക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും മെട്രോ ട്രാക്കുകളിൽ നിന്ന് മോഷണം പോയത് അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന ചെമ്പുവയറുകൾ. സംസ്ഥാന റിസർവ് പോലീസും കർണാടക ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സും ഹോംഗാർഡുകളും സ്വകാര്യ സെക്യൂരിറ്റി ഏജൻസിയും ചേർന്നാണ് മെട്രോയിൽ സുരക്ഷാ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. എന്നാൽ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെടുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
വയറുകൾനഷ്ടപ്പെട്ടത് ജൂൺ അഞ്ചിനാണ് മെട്രോ റെയിൽ കോർപ്പറേഷന്റെ ശ്രദ്ധയിൽ പ്പെട്ടത്. നഷ്ടപ്പെട്ട വസ്തുക്കളുടെ മൂല്യം കണക്കാക്കിയതിനുശേഷം കഴിഞ്ഞദിവസമാണ് മെട്രോ റെയിൽ കോർപ്പറേഷൻ മോഷണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മേയ് 15-നും ജൂൺ അഞ്ചിനും ഇടയിലാണ് കോപ്പർ വയറുകൾ മോഷണം പോയത്. മേയ് 15 -ന് അധികൃതർ സുരക്ഷാ പരിശോധന നടത്തിയപ്പോൾ ചെമ്പുവയറുകൾ യഥാസ്ഥാനത്തുണ്ടായിരുന്നു. പിന്നീട് പരിശോധന നടത്തിയത് ജൂൺ അഞ്ചിനാണ്.
മെട്രോയുടെ പ്രവർത്തനം സംബന്ധിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണത്തിനുപിന്നിലെന്നാണ് നിഗമനം. മെട്രോജോലികൾ കരാറെടുത്തവർക്കും തൊഴിലാളികൾക്കും കാര്യമായ പരിശോധന നടത്താറില്ലെന്നും ആരോപണമുണ്ട്.
ട്രെയിൻ ഓടുന്നതിനുവേണ്ടി ട്രാക്കുകൾക്ക് സമാന്തരമായി സ്ഥാപിച്ച വൈദ്യുത കമ്പികൾക്ക് എർത്ത് നൽകാനാണ് ചെമ്പുകമ്പികൾ ഉപയോഗിച്ചിരുന്നത്. ഇവയുടെ സാന്നിധ്യമില്ലാതെ ട്രെയിൻ ഓടിക്കുന്നത് ഏറെ അപകടകരമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സംഭവത്തിൽ ഉദ്യോഗസ്ഥ തല അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. അതേ സമയം ട്രാക്കുകളിൽ കൂടുതൽ സുരക്ഷയൊരുക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.