ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പെരുമാറ്റ ചട്ടലംഘനത്തില്‍ തിങ്കളാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കുമേതിരെയുള്ള പരാതികളില്‍ തിങ്കളാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഇരുവര്‍ക്കുമെതിരെയുള്ള 9 പരാതികളിലാണ് തീരുമാനം കൈക്കൊള്ളേണ്ടത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി പരിഗനിക്കവേ ആണ് സുപ്രീംകോടതിയുടെ ഈ വിമര്‍ശനം.
തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുത്തില്ലെന്നാരോപിച്ച് കോൺഗ്രസ് എംപിയും മഹിളാ വിഭാഗം നേതാവുമായ സുഷ്മിത ദേവിന്റെ ഹര്‍ജി കഴിഞ്ഞ 30ന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ.
സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിച്ചതിന് ഇരുവര്‍ക്കുമെതിരെ നടപടുയെടുക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കൂടാതെ, സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചതിന് പരാതി ലഭിച്ചിട്ടും ഇതുവരെ നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.