കണ്ണുര്‍ എക്‌സ്പ്രസ് ചിക്കബാനവാര സ്‌റ്റേഷനില്‍ നിന്നാരംഭിക്കാം.

സമഗ്രവികസനത്തിന്റെ രാജവീഥിയിലൂടെ പ്രയാണം തുടരുന്ന ബാംഗ്ലൂരിലെ മറ്റൊരു റെയില്‍വേ സ്‌റ്റേഷന്‍ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ്. വടക്കന്‍ ബാംഗ്ലൂരിലെ ഹെസര്‍ഗട്ട റോഡിലുള്ള ചിക്കബാനവാര സ്‌റ്റേഷനാണത്. സിറ്റി സ്‌റ്റേഷനും, പ്രധാനമായും പട്ടാളക്കാരുടെ ആവശ്യത്തിനായുള്ള കണ്‍ടോണ്‍മെന്റ് സ്‌റ്റേഷനും മാത്രമേ വലിയ സ്‌റ്റേഷനുകള്‍ എന്നു പറയാന്‍ നഗരത്തിലുണ്ടായിരുന്നുള്ളൂ. മല്ലേശ്വരം, ഹെബ്ബാള്‍, ബാംഗ്ലൂര്‍ ഈസ്റ്റ്, വൈറ്റ് ഫീല്‍ഡ്, കെങ്കേരി, ബിഡദി തുടങ്ങി കുറേയേറെ റെയില്‍വേ സ്‌റ്റേഷനുകള്‍ നഗരത്തിലുണ്ടെങ്കിലും അവയൊന്നും എടുത്തുപറയത്തക്ക വളര്‍ച്ച കൈവരിച്ചിട്ടില്ല. പ്രദേശത്തിന്റെ പ്രത്യേകതകളും കടന്നുപോകുന്ന തീവണ്ടികളുടെ തരവും തന്നെ കാരണം. പാസഞ്ചര്‍ വണ്ടികള്‍ കടന്നുപോകുന്ന സിംഗിള്‍ ലൈന്‍ (മീറ്റര്‍ ഗേജായാലും ബ്രോഡ് ഗേജായാലും) മാത്രമുള്ള സ്‌റ്റേഷനുകള്‍ ദശകങ്ങള്‍ക്കു മുമ്പുള്ള അവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും.

യശ്വന്തപുരയും കൃഷ്ണരാജപുരവുമാണ് മോക്ഷപ്രാപ്തി നേടിയ രണ്ടു സ്‌റ്റേഷനുകള്‍. പ്രധാന ജംഗ്ഷനുകളായി വികസിച്ച ഈ സ്‌റ്റേഷനുകളില്‍ അനുബന്ധ സൗകര്യങ്ങളും വര്‍ദ്ധിച്ചു. നഗരത്തിലെ രണ്ടാം റെയില്‍വെ ടെര്‍മിനലായി വളര്‍ന്ന യശ്വന്തപുരമാണ് അവിശ്വസനീയമായ മാറ്റങ്ങള്‍ക്ക് വിധേയമായത്. ഒട്ടേറെ എക്‌സ്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ് തീവണ്ടികളുടെ സിരാകേന്ദ്രമായി മാറിയ യശ്വന്തപുര സ്‌റ്റേഷനില്‍ യാത്രക്കാരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിലേക്ക് മൂന്ന് തീവണ്ടികള്‍ യശ്വന്തപുരയില്‍ നിന്ന് പുറപ്പെടുന്നുണ്ട്. യശ്വന്തപുര കൊച്ചുവേളി, യശ്വന്തപുരകണ്ണൂര്‍ (പാലക്കാട് വഴി) എന്നീ ട്രെയിനുകള്‍ ബാംഗ്ലൂര്‍ സിറ്റി, കണ്‍ടോണ്‍മെന്റ് സ്‌റ്റേഷനുകളെ സ്പര്‍ശിക്കാതെയാണ് കടന്നുപോകുന്നത്. ഹുബ്ലികൊച്ചുവേളി സൂപ്പര്‍ എക്‌സ്പ്രസ് തീവണ്ടിക്ക് ബാംഗ്ലൂരിലുള്ള ഏക സ്‌റ്റോപ്പ് യശ്വന്തപുരയാണ്.

അവഗണിക്കപ്പെട്ടു കിടന്ന സ്‌റ്റേഷനായിരുന്ന ബാനസവാഡി, കൃഷ്ണരാജപുരം റെയില്‍വെ ബ്രിഡ്ജിന്റെ നിര്‍മ്മാണഘട്ടത്തില്‍ ചില ദീര്‍ഘദൂര തീവണ്ടികള്‍ക്ക് സ്‌റ്റോപ്പ് അനുവദിച്ചതോടെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ബാനസവാഡി സ്‌റ്റേഷന്‍ എവിടെയാണെന്ന് ആ ഭാഗങ്ങളില്‍ താമസിച്ചിരുന്ന മലയാളികള്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല കൊച്ചുവേളി, കണ്ണൂര്‍ തീവണ്ടികള്‍ക്ക് സ്‌റ്റോപ്പ് അനുവദിച്ചതോടെയാണ് മലയാളികളായ യാത്രക്കാര്‍ക്ക് ഈ സ്‌റ്റേഷന്‍ പരിചിതമായത്. ആവശ്യമായ സൗകര്യങ്ങളുടെ അപര്യാപ്തത ഈ ചെറിയ സ്‌റ്റേഷനെ അലട്ടുന്നുണ്ട്. രാത്രി പ്ലാറ്റ്‌ഫോമില്‍ ലൈറ്റ് പോലും തെളിയാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. യശ്വന്തപുരയില്‍ നിന്ന് കേരളത്തിലേക്ക് പോകുന്ന തീവണ്ടികള്‍ക്ക് ഇവിടെ സ്‌റ്റോപ്പ് ലഭിച്ചത് നഗരത്തിന്റെ കിഴക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ആശ്വാസകരമാണ്. എന്നാല്‍ യാത്രക്കാരുടെ തിരക്കിന് അനുസൃതമായി സ്‌റ്റേഷനില്‍ സൗകര്യം ഒരുക്കിയിട്ടില്ല. മലയാളി സംഘടനാപ്രവര്‍ത്തകര്‍ ഈ സ്‌റ്റേഷന്റെ വികസനത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയും അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്. അതേപോലെ കേരളത്തിലേക്കുള്ള തീവണ്ടിക്ക് സ്‌റ്റോപ്പ് അനുവദിച്ചതിനാല്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചെറിയ സ്‌റ്റേഷനാണ് തമിഴ്‌നാട് അതിര്‍ത്തിയിലുള്ള കാര്‍മ്മിലാരം.

നഗരത്തിലെ പ്രധാന സ്‌റ്റേഷനും ജംക്ഷനുമായി മാറിക്കഴിഞ്ഞിട്ടുള്ള യശ്വന്തപുര സ്ഥലപരിമിതിയും യാത്രക്കാരുടെ വന്‍തിരക്കും നേരിടുന്ന സാഹചര്യത്തില്‍ ഈ സ്‌റ്റേഷന്റെ എക്‌സറ്റന്‍ഷനായി വികസിപ്പിക്കാനുള്ള സാഹചര്യം ഒത്തുവന്നിട്ടുള്ളത് ചിക്കബാനവാര സ്‌റ്റേഷനാണ്. നിരവധി തീവണ്ടികള്‍ കടന്നുപോകുന്ന ഈ സ്‌റ്റേഷനില്‍ അഞ്ചുലൈന്‍ ബ്രോഡ് ഗേജ് പാതകളുണ്ട്. മൂന്ന് വലിയ പ്ലാറ്റ്‌ഫോമുകള്‍, ബുക്കിംഗ് ഓഫീസ് ഉള്‍പ്പെടെ അത്യാവശ്യകെട്ടിടങ്ങള്‍, മേല്‍പ്പാത എന്നിവയൊക്കെയുള്ള ചിക്കബാനവാര ഒറ്റനോട്ടത്തില്‍ വലിയൊരു സ്‌റ്റേഷന്‍ തന്നെയാണ്. ഗുഡ്‌സ് ടെര്‍മിനല്‍ ആയാണ് റെയില്‍വെ ഈ സ്‌റ്റേഷന്‍ വികസിപ്പിക്കുന്നതെങ്കിലും താമസിയാതെ ആ നിലപാട് മാറ്റേണ്ട സാഹചര്യമാണുള്ളത്. പാസഞ്ചര്‍ വണ്ടികളേ നിര്‍ത്താറുള്ളു എന്നതിനാല്‍ യാത്രക്കാരുടെ തിരക്ക് കുറവാണെന്ന് മാത്രം. തെക്ക് ബാംഗ്ലൂര്‍ സിറ്റി, മൈസൂര്‍, മാണ്ഡ്യ ഭാഗങ്ങളിലേക്കും വടക്ക് തുംകൂര്‍, ഷിമോഗ, ഹുബ്ലി ഭാഗങ്ങളിലേക്കും പോകുന്ന ഏഴ് വീതം പാസഞ്ചര്‍ വണ്ടികള്‍ക്ക് ഈ സ്‌റ്റേഷനില്‍ സ്‌റ്റോപ്പുണ്ട്.

അതിശീഘ്രം വികസനത്തിലേക്ക് നീങ്ങുന്ന ഹെസര്‍ഗട്ട റോഡ് മേഖലയുടെ മധ്യത്തിലാണ് ചിക്കബാനവാര സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ദാസറഹള്ളി, ജാലഹള്ളി, ഷെട്ടിഹള്ളി, അബ്ബിഗരെ, ബഗല്‍ഗുണ്ടെ തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് മലയാളികള്‍ താമസിക്കുന്നുണ്ട്. സപ്തഗിരി മെഡിക്കല്‍ കോളേജ്, ആചാര്യ കോളേജ് ഉള്‍പ്പെടെ അനവധി പ്രൊഫഷനല്‍ വിദ്യാലയങ്ങള്‍ ഈ സ്‌റ്റേഷന്റെ സമീപ പ്രദേശങ്ങളിലുണ്ട്. കേരളമടക്കം അന്യസംസ്ഥാനങ്ങളില്‍ നിന്നും അനേകം വിദ്യാര്‍ത്ഥികള്‍ ഈ കോളേജുകളില്‍ പഠിക്കുന്നുണ്ട്. ദീര്‍ഘ ദൂര എക്‌സ്പ്രസ് വണ്ടികള്‍ സ്‌റ്റോപ്പ് അനുവദിച്ചാല്‍ ഈ സ്‌റ്റേഷന്റെ മുഖഛായ മാറും. അതിനുമുന്നോടിയായി ഈ സ്‌റ്റേഷന്‍ പാസഞ്ചര്‍ സ്‌റ്റേഷനായി ഉയര്‍ത്തുകയും യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയും വേണം. ശക്തമായ സമ്മര്‍ദ്ദമുണ്ടായാലേ പൊതുവെ അലസതയും സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വിമുഖതയും കാട്ടുന്ന റെയില്‍വെയുടെ ഭാഗത്തുനിന്ന് അനുകൂല നീക്കങ്ങള്‍ ഉണ്ടാകുകയുള്ളൂ. അതുമനസ്സിലാക്കിക്കൊണ്ടുതന്നെ ഹെസര്‍ഗട്ട റോഡ് പ്രദേശത്തെ മലയാളികള്‍ ഈ സ്‌റ്റേഷന്റെ വികസനത്തിനായി കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തിവരികയാണ്. ഭാവി വികസനത്തിനാവശ്യമായ സ്ഥലസൗകര്യം ഈ സ്‌റ്റേഷനോട് ചേര്‍ന്ന് റെയില്‍വെയുടെ കൈവശമുണ്ട്. ഹെസര്‍ഗട്ട ക്രോസിലൂടെ കടന്നുപോകുന്ന മെട്രോ ലൈന്‍ ചിക്കബാനവാര വരെ നീട്ടാനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. 22000 കോടി രൂപ മതിപ്പ് ചിലവുവരുന്ന മെട്രോ രണ്ടാം ഘട്ടത്തില്‍ ഈ അനുബന്ധപാത നിര്‍മ്മാണവും ഉള്‍പ്പെടുത്തുമെന്ന് കരുതപ്പെടുന്നു. ആ വിധത്തില്‍ അവിശ്വസനീയമായ വികസന സാധ്യതയാണ് ഇപ്പോള്‍ അധികമാരാലും അറിയപ്പെടാത്ത ചിക്കബാനവാര സ്‌റ്റേഷനെ കാത്തിരിക്കുന്നത്.

യശ്വന്തപുരംകണ്ണൂര്‍ എക്‌സ്പ്രസ്സ് നിര്‍ത്തിയിടുന്നത്

ചിക്കബാനവാരയില്‍

രാവിലെ ഏഴുമണിക്ക് യശ്വന്തപുരയില്‍ എത്തുന്ന കണ്ണൂര്‍ എക്‌സ്പ്രസ്സ് യാത്രക്കാരെ ഇറക്കിയ ശേഷം പലദിവസങ്ങളിലും ആറ് കിലോമീറ്റര്‍ അകലെയുള്ള ചിക്കബാനവാര സ്‌റ്റേഷനിലാണ് കൊണ്ടിടുന്നത്. യശ്വന്തപുരം സ്‌റ്റേഷനിലെ അസൗകര്യം മൂലം ഈ തീവണ്ടിയുടെ പ്രാഥമിക അറ്റകുറ്റപ്പണികള്‍ ഇവിടെയാണ് നടക്കുന്നത്. ദിവസവും മണിക്കൂറുകളോളം ഈ തീവണ്ടി ചിക്കബാനവാര സ്‌റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിടാറുണ്ട്. എന്നാല്‍ അംഗീകൃത സ്‌റ്റോപ്പും അനുബന്ധ സംവിധാനങ്ങളും ഇല്ലാത്തിനാല്‍ യാത്രക്കാര്‍ക്ക് ഈ സ്‌റ്റേഷനില്‍ നിന്ന് ഈ വണ്ടി പിടിക്കാനാവില്ല. യശ്വന്തപുരയില്‍ എത്തിയാണ് ഈ പ്രദേശത്തു നിന്നുള്ള യാത്രക്കാര്‍ ഈ തീവണ്ടിയില്‍ കയറുന്നത്. പല യാത്രക്കാരും ഏഴും എട്ടും കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് യശ്വന്തപുരയില്‍ എത്തുന്നത്. രാത്രി എട്ടുമണിക്ക് പുറപ്പെടുന്ന വണ്ടിയില്‍ കയറാന്‍ അവര്‍ക്ക് മണിക്കൂറുകള്‍ മുമ്പേ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടതുണ്ട്. ചിക്കബാനവാര മേഖലയില്‍ നിന്ന് ദിവസേന ഇരുന്നൂറിലേറെ യാത്രക്കാര്‍ യശ്വന്തപുരയില്‍ എത്തി കണ്ണൂര്‍ തീവണ്ടിയില്‍ കയറുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.

യശ്വന്തപുരകണ്ണൂര്‍ എക്‌സ്പ്രസ്, ചിക്കബാനവാര കണ്ണൂര്‍ എക്‌സ്പ്രസ് ആക്കിയാല്‍ നിരവധി യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും. ചിക്കബാനവാര സ്‌റ്റേഷന്റെ വികസനം ത്വരിതപ്പെടുത്താന്‍ സഹായകമാവുകയും ചെയ്യും. റെയില്‍വേയ്ക്ക് അതുമൂലം സാങ്കേതികമായ ബുദ്ധിമുട്ടോ അധികബാധ്യതയോ ഉണ്ടാവുന്നുമില്ല.
റെയില്‍വെ കണ്ണുതുറന്നാല്‍ ഒരുപക്ഷെ ചിക്കബാനവാര സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ആദ്യ എക്‌സ്പ്രസ് തീവണ്ടി യശ്വന്തപൂര്‍കണ്ണൂര്‍ ആയിരിക്കും.ഈ ട്രെയിന്‍ ബാനസവാടിയിലേക്ക് മാറ്റുക എന്ന ദ്രോഹം ഒഴിവാക്കി ചിക്കബാനവാര യില്‍ നിന്നു പുറപ്പെട്ടു യശ്വന്തപുര ബാനസ
വാടി കാര്‍മിലാരം സ്‌റ്റേഷനുകളിലൂടെ കടന്നുപോകുന്നവിധം പുനഃക്രമീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ മാറികിട്ടും. സമയമാറ്റം വരുത്തേണ്ടതില്ല .അങ്ങനെ ചെയ്താല്‍ യാത്രക്കാര്‍ക്ക് വലിയ ഉപകാരമായിരിക്കും.യശ്വന്തപുരത്തുനി ന്നുള്ള യാത്രക്കാരില്‍ പകുതിപ്പേര്‍ക്കും ചിക്കബാനവാരയില്‍ നിന്ന് കയറാനാവും .റെയില്‍വേ പ്രായോഗികമായി ചിന്തിച്ചാല്‍ തിരുവനന്തപുരത്തെ കൊച്ചുവേളി പോലെ വരുംനാളുകളില്‍ ബാംഗ്ലൂരിലെ ചിക്കബാനവാരയും തീവണ്ടിപ്പേരിലൂടെ അറിയപ്പെടാനിടയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us