മലപ്പുറം: ആദ്യരാത്രിയിൽ നവവരന് ഫുട്ബോള്‍ ഗ്രൗണ്ടിലും വധു വീട്ടിലും . കല്യാണപ്പെണ്ണിനോട് ഒരഞ്ചുമിനിറ്റെന്നു പറഞ്ഞാണ് നവവരന് വീട്ടില്‍ നിന്നിറങ്ങിയത്. നേരെ പോയത് സെവന്‍സ് കളത്തിലേക്ക്.
കല്യാണ ദിവസം രാത്രി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയ റിദ്വാന്റെ ഫുട്ബോള്‍ പ്രേമത്തിന്റെ കഥ സമൂഹ മാധ്യമങ്ങളില്‍ പാട്ടാണിപ്പോള്‍. ഫിഫ മഞ്ചേരിയുടെ കരുത്തുറ്റ ഡിഫന്‍ഡറാണ് നവവരനായ റിദ്വാന്. ഞായറാഴ്ചയായിരുന്നു റിദ്വാനും ഒലവക്കോട് സ്വദേശിനി ഫായിദയും തമ്മിലുള്ള വിവാഹം.
വണ്ടൂര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആലുക്കാസ് തൃശൂരിനെതിരെയുള്ള സെമിഫൈനല്‍ മത്സരം അന്നു രാത്രി നടക്കുന്ന വിവരം റിദ്വാന് അറിയുന്നതു വിവാഹ ദിനം രാവിലെയാണ്. സെമിഫൈനല്‍ മത്സരമാണ്, സ്വന്തം ഗ്രൗണ്ടിലാണ് കളി. കഴിഞ്ഞ ദിവസം നാട്ടിലെ മറ്റൊരു ടൂര്‍ണമെന്റില്‍ ഇതേ ടീമിനോടു തോറ്റതിന്റെ നിരാശയും നീറ്റലായി മനസ്സിലുണ്ട്. എന്തുവില കൊടുത്തും കളിക്കുമെന്നു തീരുമാനിച്ചത് ഈ കാരണങ്ങള്‍കൊണ്ടാണെന്നു റിദ്വാന് പറയുന്നു.
വിവാഹച്ചടങ്ങിനിടയില്‍വച്ചു ഫായിദയോടും കാര്യം പറഞ്ഞു. വൈകിട്ട് ആറോടെ വിവാഹ സല്‍ക്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ നവവരന് ബൈക്കെടുത്ത് നേരെ ഗ്രൗണ്ടിലേക്കു വച്ചുപിടിച്ചു. റിദ്വാന് നയിച്ച ഫിഫ മഞ്ചേരിയുടെ പ്രതിരോധനിര മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ വിജയത്തോടെ ടീം ഫൈനലിലെത്തി.
ഫുട്ബോള്‍ കളിക്കാന്‍ റിദ്വാന് ‘സാഹസം’ കാണിക്കുന്നത് ഇതാദ്യമല്ല. കോയമ്പത്തൂര്‍ നെഹ്റു കോളജിലെ എംബിഎ വിദ്യാര്‍ഥിയായ താരം നാട്ടിലെ സെവന്‍സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കോളജില്‍ നിന്നു ബൈക്കോടിച്ചെത്താറുണ്ട്. വീട്ടുകാരറിയാതിരിക്കാന്‍ കോളജില്‍ നിന്നു നേരിട്ടു ഗ്രൗണ്ടിലേക്കും കളികഴിഞ്ഞ് നേരെ കോളജിലേക്കും പോകുന്നതായിരുന്നു പതിവെന്ന് റിദ്വാന് പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.