പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടികളുമായി ബി.ബി.എം.പി.

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ 4,466 പേരെ  ഉദ്യോഗസ്ഥർ പിടികൂടി.

കഴിഞ്ഞ ഒക്ടോബർ മുതൽ ഈമാസം വരെ പിഴയിനത്തിൽ 7,85,450 രൂപയാണ് കോർപ്പറേഷന് ലഭിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ കോർപ്പറേഷന് ഇത്രയും തുക പിഴയായി ലഭിക്കുന്നത് ആദ്യമായിട്ടാണ്.

വാഹനങ്ങളിൽവന്ന് മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് ചില സ്ഥലങ്ങളിൽ പതിവ് സംഭവമാണ്. പലരും രാത്രിയുടെ മറപറ്റിയാണ് മാലിന്യം വലിച്ചെറിയുന്നത്. പിടിയിലായവരിൽ അധികവും ഇരുചക്ര വാഹനത്തിലെത്തിയവരായിരുന്നു. ഇരുചക്രവാഹനങ്ങളിൽവന്ന് മാലിന്യം വലിച്ചെറിഞ്ഞതിന് 3127 പേരാണ് പിടിയിലായത്. കെ.ആർ. മാർക്കറ്റ്, കുമാരസ്വാമി ലേഔട്ട്, ഹെഗ്‌ഡെ നഗർ എന്നീ സ്ഥലങ്ങളിൽനിന്നാണ് കൂടുതൽ പേർ പിടിയിലായത്.  വരും ദിവസങ്ങളിലും പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടികളെടുക്കുമെന്ന് ബി.ബി.എം.പി. ജോ.കമ്മിഷണർ സർഫറാസ് ഖാൻ പറഞ്ഞു. സി.സി. ടി.വി. ക്യാമറകൾ സ്ഥാപിച്ചും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നുണ്ട്.

യെലഹങ്ക സോണിൽനിന്നാണ് പിഴയിനത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത്. 1,61,400 രൂപയാണ് യെലഹങ്ക സോണിൽനിന്നുമാത്രം ലഭിച്ചത്. ഈസ്റ്റ് സോണിൽനിന്ന് 43,140 രൂപയും വെസ്റ്റ് സോണിൽ നിന്ന് 1,38,690 രൂപയും സൗത്ത് സോണിൽനിന്ന് 1,59,920 രൂപയും മഹാദേവപുര സോണിൽനിന്ന് 81,720 രൂപയും ദാസറഹള്ളി സോണിൽനിന്ന് 52,730 രൂപയും ആർ.ആർ.നഗർ സോണിൽനിന്ന് 60,160 രൂപയും ബൊമ്മനഹള്ളി സോണിൽനിന്ന് 87,690 രൂപയുമാണ് പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us