വരുന്നു മൈസൂരുവില്‍ പുതിയ റെയില്‍വേ ടെര്‍മിനല്‍.

മൈസൂരു: നഗരത്തിൽനിന്ന് പത്ത് കി.മീറ്റർ അകലെ നാഗനഹള്ളിയിൽ പുതിയ റെയിൽവേ ടെർമിനൽ വരുന്നു. ഇതിനായുള്ള പദ്ധതി രൂപരേഖ ഒരുമാസത്തിനകം പൂർത്തിയാകും. 789 കോടി ചെലവുവരുന്ന റെയിൽവേ ടെർമിനലിന് ബജറ്റിൽ അനുമതി ലഭിച്ചിരുന്നു. മൈസൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ വികസനത്തിന് സാധ്യതയില്ലാത്തതിനാലാണ് പുതിയ ടെർമിനൽ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായത്.

ഡിവിഷണൽ ജനറൽ മാനേജരുടെ ഓഫീസിൽ എം.പി.മാരായ ധ്രുവനാരായണൻ, പ്രതാപ്‌സിംഹ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ടെർമിനലിന്റെ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പുണ്ടായത്. ആറ് പ്ലാറ്റ്ഫോമുകളുള്ള ടെർമിനലിന് 400 ഏക്കർ സ്ഥലമാണ് ആവശ്യമായി വരുന്നത്.

മൂന്നുവർഷംകൊണ്ട് ടെർമിനൽ പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്ന് റെയിൽവേ ഡിവിഷണൽ ജനറൽ മാനേജർ എ.കെ. ഗുപ്ത യോഗത്തിൽ പറഞ്ഞു.മൈസൂരു-ബെംഗളൂരു മാൽഗുഡി എക്സ്പ്രസിലെ ഒരു എ.സി. കോച്ചിലേക്ക് റിസർവേഷൻ ആരംഭിക്കാനുള്ള പ്രതാപ് സിംഹ എം.പി.യുടെ നിർദേശം അംഗീകരിച്ചു.

ബെംഗളൂരു-രാമനഗര മെമു സർവീസ് മൈസൂരുവിലേക്ക് നീട്ടണമെന്ന നിർദേശവും എം.പി.മുന്നോട്ടുവെച്ചു. നഞ്ചൻകോട് റെയിൽവേ സ്റ്റേഷന്റെ നവീകരണപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ധ്രുവനാരായണൻ എം.പി.ആവശ്യപ്പെട്ടു. ചാമരാജനഗർ-ഹെജ്ജാല പാതയുടെ നിർമാണം സ്ഥലത്തിന്റെ ലഭ്യതയനുസരിച്ച് പൂർത്തിയാക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു. 1300 കോടി രൂപ ചെലവുവരുന്ന 140 കി.മീറ്റർ പാതയാണിത്.

നിർദിഷ്ട മൈസൂരു-മടിക്കേരി പാത കുശാൽനഗറിൽ അവസാനിപ്പിക്കുമെന്ന ധാരണയാണ് യോഗത്തിലുണ്ടായത്. മടിക്കേരി വരെ പാത നീട്ടുന്നതിനോട് കുടകിലെ പരിസ്ഥിതി സംഘടനകൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തലശ്ശേരി-മൈസൂരു പാതയെന്ന കേരളത്തിന്റെ നിർദേശത്തേയും സംഘടനകൾ എതിർത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us