മൈസൂരു: അണക്കെട്ടിലെ ജലനിരപ്പ് നിറവിന്റെ നെറുകയിലെത്തിയപ്പോൾ നിറഞ്ഞത് ഖജനാവ്. വെള്ളം നിറഞ്ഞ് തുളുമ്പിനില്ക്കുന്ന കൃഷ്ണരാജസാഗർ അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളം വർണപ്രപഞ്ചമൊരുക്കി പുറത്തേക്കൊഴുകുന്ന കാഴ്ച കാണാനെത്തുന്നത് പതിനായിരങ്ങൾ. വൃന്ദാവൻ ഉദ്യാനത്തിലേക്ക് ഇവർക്ക് പ്രവേശന ടിക്കറ്റ് വിറ്റ വകയിൽ ഖജനാവിലെത്തിയത് ഒരു കോടി രൂപ.
കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഉദ്യാനത്തിലെത്തിയവരുടെ എണ്ണത്തിലാണ് വൻ വർധനയുണ്ടായത്. ജൂണിൽ 53.76 ലക്ഷം രൂപയും ജൂലായിൽ 46.76 ലക്ഷം രൂപയും ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചു. ഈ രണ്ട് മാസങ്ങളിലുമായി കഴിഞ്ഞ വർഷത്തേക്കാൾ 20 ലക്ഷത്തോളം രൂപ അധികമായി കാവേരി നീരാവരി നിഗമിന്റെ ഖജനാവിലെത്തി. നാല് വർഷങ്ങൾക്ക് ശേഷമാണ് കൃഷ്ണരാജസാഗർ അണക്കെട്ട് പൂർണസംഭരണശേഷിയിലെത്തുന്നത്.
കാവേരിയുടെ വൃഷ്ടിപ്രദേശമായ കുടകിലെ കനത്ത മഴയാണ് അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധിയിലെത്തിച്ചത്. നിറഞ്ഞ ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ കാഴ്ചക്കാരുടെ പ്രവാഹമാരംഭിച്ചു. ഡാമിൽനിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിന് വിവിധ വർണങ്ങൾ പകർന്ന് വൈദ്യുതദീപാലങ്കാരം കൂടി ഒരുക്കിയതോടെ ആയിരക്കണക്കിന് സന്ദർശകർ ഓരോ ദിവസവും ഉദ്യാനത്തിലെത്തി.
വിവിധ നിറങ്ങളിലുള്ള അഞ്ഞൂറോളം എൽ.ഇ.ഡി. ബൾബുകളാണ് ജലപാതത്തിന് വർണം പകർന്നത്. നിറങ്ങൾ മാറിമറിയുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന ദിവസങ്ങളിൽ സുരക്ഷാകാരണങ്ങളാൽ പ്രവേശനം നിർത്തിവെച്ചിരുന്നുവെങ്കിലും പിന്നീട് നിയന്ത്രണങ്ങൾ നീക്കി. പ്രവേശനം നിർത്തിവെച്ചതുകാരണം ജൂലൈയിലെ വരുമാനത്തിൽ ഇടിവുണ്ടാവുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ ഉദ്യാനത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. കെ.ആർ.എസ്. ജലസംഭരണിയിൽ ഇപ്പോൾ 123.55 അടി വെള്ളമുണ്ട്. പരമാവധി ശേഷി 124.80 അടിയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 90.30 അടി വെള്ളം മാത്രമാണുണ്ടായിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.