സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകർ നൽകിയ ഭീമ ഹർജിയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ്. ഹർജിയിൽ ഒപ്പുവച്ചിട്ടില്ലെന്നും ഇതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
‘മോഹൻലാൽ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അദ്ദേഹം ഒരു പ്രതിഭയും മുതിർന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ആര് ചെയ്താലും ഇത് ശരിയാെണന്ന് വിശ്വസിക്കുന്നുമില്ല.’
‘അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് എനിക്കുള്ള എതിർപ്പ് ഞാൻ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. അതും ഒരു അവാര്‍ഡ് ദാന ചടങ്ങിൽ മോഹന്‍ലാൽ പങ്കെടുക്കുന്നതും തമ്മിൽ ഒരുമിച്ച് കൂട്ടിച്ചേർക്കാനികില്ല.’
‘ഈ സംഭവുമായി ബന്ധപ്പെട്ട കത്തിൽ എങ്ങനെയാണ് എന്റെ പേര് വന്നതെന്ന് എനിക്ക് അറിയില്ല. എന്നെ ഇതിനായി ആരും സമീപിച്ചിട്ടുമില്ല. ഇത്തരമൊരു ചടങ്ങിൽ മോഹൻലാൽ വരുന്നത് തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. ഇക്കാര്യത്തിൽ ഞാൻ ലാലിന്റെ കൂടെ നിൽക്കുന്നു.’–പ്രകാശ് രാജ് പറഞ്ഞു.
മോഹൻലാലിനെ ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകരടക്കം 105 പേരാണ് ഭീമ ഹർജി ഒപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയനു നൽകിയത്. ഇതിൽ നടൻ പ്രകാശ് രാജ്, സാഹിത്യകാരൻ എൻ.എസ്.മാധവൻ എന്നിവരുടെ പേരും ഉൾപ്പെട്ടിരുന്നു.