ബെംഗളൂറു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന ഹെബ്ബാൾ-സർജാപുര പാതയുടെ (റെഡ് ലൈൻ) വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് പുതുക്കി സമർപ്പിച്ചു. ഹെബ്ബാളിന് സമീപത്തെ വെറ്ററിനറി കോളജ് സ്റ്റേഷൻ ഒഴിവാക്കിയാണ് പുതിയ ഡിപിആർ തയ്യാറാക്കിയിരിക്കുന്നത്. മേക്കറി സർക്കിൾ മുതൽ ഹെബ്ബാൾ വരെയുള്ള 2.2 കിലോമീറ്റർ തുരങ്ക റോഡിന്റെ നിർമാണം ആരംഭിച്ച സാഹചര്യത്തിലാണ് വെറ്ററിനറി കോളജ് സ്റ്റേഷൻ ഒഴിവാക്കാൻ തീരുമാനമായത്.
ആദ്യം സമർപ്പിച്ച ഡിപിആർ പ്രകാരം 37 കിലോമീറ്റർ വരുന്ന പാതയിൽ 11 ഭൂഗർഭ സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 28 സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. കോറമംഗല സെക്കൻഡ് ബ്ലോക്ക് മുതൽ വെറ്ററിനറി കോളജ് വരെയാണ് ഭൂഗർഭപാത നിശ്ചയിച്ചിരുന്നത്. എന്നാൽ തുരങ്ക റോഡ് കൂടി കടന്നുവരുന്നതോടെ മെട്രോ സ്റ്റേഷന്റെ വലുപ്പം കുറയ്ക്കേണ്ടി വരുമെന്നതും, പ്രവേശന കവാടങ്ങൾ മാറ്റി സ്ഥാപിക്കേണ്ടിവരുമെന്നതും പദ്ധതിക്ക് സാങ്കേതിക തിരിച്ചടിയായി. കൂടാതെ തൊട്ടടുത്ത സ്റ്റേഷനായ ഗംഗാനഗറും വെറ്ററിനറി കോളജ് സ്റ്റേഷനും തമ്മിൽ ഒരു കിലോമീറ്ററിൽ താഴെ മാത്രമാണ് ദൂരമുള്ളത്. തുടർന്ന് വെറ്ററിനറി കോളജ് സ്റ്റേഷൻ ഒഴിവാക്കി ഗംഗാനഗർ സ്റ്റേഷൻ നിലനിർത്താൻ ബിഎംആർസിഎൽ തീരുമാനിക്കുകയായിരുന്നു. 2025 ജനുവരിയിൽ സംസ്ഥാന സർക്കാർ അനുമതി നൽകിയ ഈ പദ്ധതിക്ക് 28,405 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിർമാണ ചെലവ്.
തുരങ്ക റോഡ് ഹെബ്ബാൾ തടാകക്കരയിലൂടെ
മേക്കറി സർക്കിൾ മുതൽ ഹെബ്ബാൾ വരെയുള്ള തുരങ്ക റോഡ് ഹെബ്ബാൾ തടാകക്കരയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനായി തടാകത്തോട് ചേർന്നുള്ള 3.5 ഏക്കർ ഭൂമി ഏറ്റെടുക്കും. തടാകക്കരയിലെ 550 മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു.
നിലവിൽ ഹെബ്ബാൾ ഭാഗത്താണ് 6 വരി തുരങ്ക റോഡിന്റെ നിർമാണം ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് പദ്ധതിയുടെ നിർമാണ ചുമതല. 1,269 കോടി രൂപയാണ് ഇതിന്റെ നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]