ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര തിരുത്തൽ (എസ്.ഐ.ആർ) നടപടികൾക്കിടെ ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) സൂപ്പർവൈസർക്ക് ക്രൂരമർദ്ദനമേറ്റു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ ഡി.ജെ ഹള്ളി പോലീസ് കേസെടുത്തു. പുലകേശിനഗർ നിയമസഭാ മണ്ഡലത്തിൽ ജൂലൈ 29-ന് ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം.
പുലകേശിനഗറിൽ വോട്ടർ പട്ടിക പുതുക്കൽ ജോലികൾ പുരോഗമിക്കുന്നതിനിടെ ഒരു സംഘം ആളുകൾ പുതിയ വോട്ട് ചേർക്കുന്നതിനുള്ള ഫോം 6 ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. ഇവർ പുലകേശിനഗറിലാണ് താമസമെന്ന് അവകാശപ്പെട്ടെങ്കിലും, നിലവിൽ ജയനഗറിലേക്ക് താമസം മാറിയതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതോടെ തങ്ങൾ നിലവിൽ താമസിക്കുന്ന ജയനഗർ മണ്ഡലത്തിൽ ഫോം സമർപ്പിക്കാൻ ബി.എൽ.ഒ നിർദ്ദേശിച്ചു.
ഇതിനെച്ചൊല്ലി അപേക്ഷകരും ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തർക്കം പരിഹരിക്കാനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുന്നത് ഒഴിവാക്കാനും ഇടപെട്ട ബി.എൽ.ഒ സൂപ്പർവൈസർ ഫക്കീറപ്പയ്ക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ മുഖത്തും ചുണ്ടിലും തലയ്ക്കും പരിക്കേറ്റ അദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി യാറബ്ബ് (A1), ദസ്തഗീർ (A2), ഇഖ്ബാൽ (A3) എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വോട്ടർ പട്ടിക പുതുക്കൽ പോലുള്ള ഫീൽഡ് തല പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് സംഭവം ആശങ്ക ഉയർത്തിയിട്ടുണ്ട്.
