ബെംഗളൂരു: കത്തുന്ന വെയിലിൽ ബംഗളൂരുവിലെ ജെ.പി നഗർ റിങ് റോഡിലൂടെ പോകുന്ന യാത്രാക്കാർക്ക് തണലേകുന്ന ഹരിത ഇടനാഴിക്ക് പിന്നിൽ 18 വർഷം മുൻപ് രണ്ട് യുവാക്കൾ എടുത്ത ഒരു ധീരമായ തീരുമാനത്തിന്റെ കഥയുണ്ട്. സർക്കാർ ഫണ്ടോ കോർപ്പറേറ്റ് സഹായമോ ഇല്ലാതെ, തങ്ങളുടെ പോക്കറ്റ് മണി ഉപയോഗിച്ച് രണ്ട് എൻജിനീയറിങ് ബിരുദധാരികൾ നട്ടുനനച്ചു വളർത്തിയ 468 മരങ്ങൾ ഇന്ന് നഗരത്തിന്റെ ശ്വാസകോശമായി പച്ചപിടിച്ചു നിൽക്കുകയാണ്.
2008-ൽ തങ്ങളുടെ ഇരുപതുകളിലായിരുന്ന അജിത് വിശ്വനാഥ്, അഭിലാഷ് നരസിംഹമൂർത്തി എന്നീ സുഹൃത്തുക്കളാണ് ഈ ഹരിത വിപ്ലവത്തിന് തുടക്കമിട്ടത്. അക്കാലത്ത് തികച്ചും വരണ്ടുണങ്ങിക്കിടന്ന ജെ.പി നഗർ റോഡ് ഡിവൈഡറുകളിൽ തണലില്ലാതെ ബുദ്ധിമുട്ടുന്ന യാത്രാക്കാരെ കണ്ടപ്പോഴാണ് മരങ്ങൾ വെച്ചുപിടിപ്പിക്കാൻ ഇവർ തീരുമാനിക്കുന്നത്. ഇതിനായി നഗരത്തിൽ വൃക്ഷത്തൈകൾ നടുന്ന ‘റിഫോറസ്റ്റ് ഇന്ത്യ’ (Reforest India) എന്ന സന്നദ്ധ സംഘടനയെ ഇവർ സമീപിച്ചു. തൈകൾ നട്ടാൽ അവ ഉണങ്ങിപ്പോകാതെ സംരക്ഷിക്കാമെന്ന ഉറപ്പിലാണ് സംഘടന ഇവർക്ക് തൈകൾ നൽകിയത്.
2008 നവംബർ ഒന്നിന് വേഗ സിറ്റി മാൾ മുതൽ ജെ.പി നഗർ അണ്ടർപാസ് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തിൽ ആദ്യഘട്ടമായി 236 തൈകൾ നട്ടു. പദ്ധതി വിജയകരമായതോടെ 2009-ൽ കനകപുര റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലായി 232 തൈകൾ കൂടി വച്ചുപിടിപ്പിച്ചു. പൂവരശ്, മഹാഗണി, ബാദാം, ആകാശമല്ലി, ലക്ഷ്മി തരു തുടങ്ങിയ വ്യത്യസ്ത ഇനത്തിൽപ്പെട്ട അഞ്ഞൂറോളം തൈകളാണ് ഇത്തരത്തിൽ നട്ടത്.
തുടർന്നുള്ള രണ്ട് വർഷക്കാലം തങ്ങളുടെ എല്ലാ ഞായറാഴ്ച പ്രഭാതങ്ങളും ഈ സുഹൃത്തുക്കൾ മരങ്ങൾക്കായി മാറ്റിവെച്ചു. സ്വന്തം ശമ്പളത്തിൽ നിന്നും പണം മുടക്കി വാട്ടർ ടാങ്കറുകൾ എത്തിച്ചായിരുന്നു നനക്കൽ. ടാങ്കറിന്റെ വലിയ ഹോസ് പൈപ്പുകൾ വലിച്ച് ഓരോ തൈകൾക്കും ഇവർ മാറിമാറി വെള്ളമൊഴിച്ചു. ടാങ്കറിന് പണം തികയാതെ വരുമ്പോൾ സുഹൃത്തുക്കളുടെ ജന്മദിന സമ്മാനമായി ടാങ്കർ സ്പോൺസർ ചെയ്യാൻ ഇവർ ആവശ്യപ്പെടുമായിരുന്നു. കാലിക്കൂട്ടങ്ങൾ നശിപ്പിച്ചും മറ്റ് കാരണങ്ങളാലും കുറച്ചു തൈകൾ നഷ്ടപ്പെട്ടെങ്കിലും അവർ അവിടെ പുതിയവ നട്ടുപിടിപ്പിച്ചു കൊണ്ടിരുന്നു.
വർഷങ്ങൾക്ക് ശേഷം, കഴിഞ്ഞ വ്യാഴാഴ്ച ‘റിഫോറസ്റ്റ് ഇന്ത്യ’ ഭാരവാഹികൾ ഈ പ്രദേശം സന്ദർശിച്ച് നടത്തിയ പരിശോധനയിൽ അവിശ്വസനീയമായ ഒരു വിവരമാണ് പുറത്തുവന്നത്. അന്ന് നട്ട 500 തൈകളിൽ 468 എണ്ണവും ഇന്ന് പടർന്നുപന്തലിച്ച് മരങ്ങളായി നിൽക്കുന്നു! അതായത് 93.6 ശതമാനം മരങ്ങളും അതിജീവിച്ചു. ഒരൊറ്റ ദിവസത്തെ പരിപാടിയായി കാണാതെ, ദീർഘകാല ഉത്തരവാദിത്തത്തോടെ യുവാക്കൾ കാട്ടിയ ആത്മാർത്ഥതയാണ് ഈ വിജയത്തിന് പിന്നിലെന്ന് റിഫോറസ്റ്റ് ഇന്ത്യ സ്ഥാപക ജാനറ്റ് എസ്.കെ യാഗ്നേശ്വരൻ പറഞ്ഞു. ഇന്ന് തങ്ങൾ വളർത്തിയ ഈ വലിയ മരങ്ങൾ സ്വന്തം മക്കൾക്ക് കാണിച്ചു കൊടുക്കുമ്പോൾ ലഭിക്കുന്ന സന്തോഷം വാക്കുകൾക്ക് അതീതമാണെന്ന് അഭിലാഷും അജിത്തും വ്യക്തമാക്കുന്നു.
