ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് വലിയൊരു ആശ്വാസമായ നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ ട്രെയിനുകളുടെ സമയക്രമത്തെച്ചൊല്ലി യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. നിലവിൽ പർപ്പിൾ, ഗ്രീൻ ലൈനുകളിൽ മികച്ച സർവീസ് ലഭ്യമാകുമ്പോഴും, യെല്ലോ ലൈനിലെ ദീർഘനേരത്തെ കാത്തിരിപ്പ് സമയമാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് വാണിജ്യ സർവീസ് ആരംഭിച്ച ഈ പാതയിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ആവശ്യത്തിന് ട്രെയിനുകൾ ഇല്ലാത്തത് സർവീസുകളെ ബാധിക്കുന്നു.
തിരക്കേറിയ സമയങ്ങളിൽ (Peak Hours) ഗ്രീൻ, പർപ്പിൾ ലൈനുകളിൽ ഓരോ 3-4 മിനിറ്റിലും മറ്റ് സമയങ്ങളിൽ 5 മിനിറ്റിലും ട്രെയിനുകൾ സർവീസ് നടത്തുമ്പോൾ, യെല്ലോ ലൈനിൽ ഇത് യഥാക്രമം 9 മിനിറ്റും 14 മിനിറ്റും വീതമാണ്. ഗ്രീൻ ലൈൻ വഴി ആർ.വി. റോഡ് സ്റ്റേഷനിലെത്തി യെല്ലോ ലൈനിലേക്ക് മാറേണ്ടി വരുന്ന യാത്രക്കാർക്ക് ട്രെയിനായി 14 മിനിറ്റോളം കാത്തുനിൽക്കേണ്ടി വരുന്നത് കടുത്ത യാത്രാക്ലേശത്തിന് കാരണമാകുന്നുണ്ട്.
തുടക്കത്തിൽ 3 ട്രെയിനുകളുമായി സർവീസ് ആരംഭിച്ച യെല്ലോ ലൈനിൽ നിലവിൽ 8 ട്രെയിനുകളാണുള്ളത്. ഒമ്പതാമത്തെയും പത്താമത്തെയും ട്രെയിനുകൾ ബെംഗളൂരുവിൽ എത്തിയിട്ടുണ്ടെങ്കിലും അവയുടെ ട്രയൽ റൺ (പരീക്ഷണം) ഇതുവരെ പൂർത്തിയായിട്ടില്ല.
ഇതാണ് പുതിയ ട്രെയിനുകൾ സർവീസിന് ഇറക്കാൻ വൈകുന്നതെന്ന് ബിഎംആർസിഎൽ (BMRCL) വ്യക്തമാക്കുന്നു. പുതിയ ട്രെയിനുകളുടെ പരീക്ഷണം അടിയന്തരമായി പൂർത്തിയാക്കി വാണിജ്യ സർവീസിന് ലഭ്യമാക്കണമെന്നും എങ്കിൽ മാത്രമേ ഈ റൂട്ടിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകൂ എന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
