ബെംഗളൂരു: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിലൊന്നായ പീനിയയെ ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ആക്കി മാറ്റാനുള്ള തീരുമാനം കർണാടക സർക്കാർ പിൻവലിച്ചു. ഇതോടെ പീനിയ വ്യവസായ മേഖല വീണ്ടും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) ഭരണപരിധിയിലേക്ക് മടങ്ങിയെത്തി.
പീനിയയെ പ്രത്യേക നിക്ഷേപ മേഖലയായി (സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് റീജിയൻ) പ്രഖ്യാപിച്ച് ഒരു വർഷം തികയുന്നതിനിടയിലാണ് നഗരവികസന വകുപ്പ് ഈ നാടകീയ പിൻവലിക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിൽ കോർപ്പറേഷൻ പരിധിയിലുള്ള ഒരു പ്രദേശമായതിനാൽ ഈ നിർദ്ദേശം നടപ്പിലാക്കാൻ കഴിയില്ലെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവിൽ സർക്കാർ വ്യക്തമാക്കുന്നത്.
നഗര ഭരണസംവിധാനത്തിൽ നിന്ന് പീനിയയെ അടർത്തിമാറ്റി കർണാടക വ്യവസായ പ്രദേശ വികസന ബോർഡിനോ (കെ.ഐ.എ.ഡി.ബി) മറ്റ് അതോറിറ്റികൾക്കോ കൈമാറാൻ നിയമപരമായി സാധ്യമല്ലെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഇതോടെ, മോശം റോഡുകൾ, കൃത്യമല്ലാത്ത ഡ്രെയിനേജ് സംവിധാനം, മാലിന്യ സംസ്കരണ പ്രശ്നങ്ങൾ എന്നിവയാൽ വലയുന്ന പീനിയക്ക് വേണ്ടി ഒരു പ്രത്യേക ഭരണ മാതൃക രൂപീകരിക്കാനുള്ള നീക്കങ്ങൾക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്.
കഴിഞ്ഞ 2025 ജൂണിലാണ് പീനിയയിലെ 1,461.5 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന നാല് വ്യവസായ ഘട്ടങ്ങളെ പ്രത്യേക നിക്ഷേപ മേഖലയായി പ്രഖ്യാപിക്കുകയും കെ.ഐ.എ.ഡി.ബിയെ ഇതിന്റെ നോഡൽ ഏജൻസിയായി നിയമിക്കുകയും ചെയ്തത്. പിരിച്ചെടുക്കുന്ന നികുതി വരുമാനത്തിന്റെ 70 ശതമാനം പീനിയയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും 30 ശതമാനം സിറ്റി കോർപ്പറേഷനും നൽകാനായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്.
പതിമൂന്നരവായിരത്തിലധികം വ്യവസായ യൂണിറ്റുകളുള്ള പീനിയ, 14 ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുന്നതോടൊപ്പം പ്രതിവർഷം 8,500 കോടിയിലധികം രൂപ നികുതിയായും നൽകുന്നുണ്ട്. സർക്കാരിന്റെ പുതിയ തീരുമാനത്തിൽ വ്യവസായ രംഗത്തെ പ്രമുഖർ കടുത്ത നിരാശ രേഖപ്പെടുത്തി. പ്രത്യേക നിക്ഷേപ മേഖല എന്ന പദവി ലഭിച്ചിട്ടും താഴേത്തട്ടിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
വാഗ്ദാനം ചെയ്യപ്പെട്ട 15 അംഗ സമിതി ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് മാത്രമല്ല, സ്വത്തുവിവരങ്ങളുടെ രേഖകൾ ഇപ്പോഴും വ്യക്തതയില്ലാതെ തുടരുകയുമാണ്. ഇത്രയും വലിയ സാമ്പത്തിക സംഭാവന നൽകുന്ന മേഖലയായിട്ടും ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ നാൾക്കുനാൾ തകർന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, മറ്റ് 17 പ്രത്യേക നിക്ഷേപ മേഖലകൾ ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട്-2024 ന് കീഴിൽ തുടരുമെന്നും അതാത് തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും പ്രോപ്പർട്ടി ടാക്സ് പിരിവ് ഉൾപ്പെടെയുള്ള ഭരണപരമായ അധികാരങ്ങളെന്നും വിജ്ഞാപനത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
