ബെംഗളൂരു: കബാബ്, തന്തൂരി വിഭവങ്ങൾ, മധുരപലഹാരങ്ങൾ, ചിലതരം ഐസ്‌ക്രീമുകൾ എന്നിവയിൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, നഗരത്തിലെ പല ഭക്ഷണശാലകളിലും ഇവയുടെ ഉപയോഗം ഇപ്പോഴും തുടരുന്നു.
കഴിഞ്ഞ 2024-ൽ ഗോപി മഞ്ചൂരിയനിലും കോട്ടൺ കാൻഡിയിലും മാരകമായ ‘റോഡമിൻ ബി’ എന്ന കൃത്രിമ നിറം കണ്ടെത്തിയതിനെ തുടർന്ന് വകുപ്പ് ഇത് നിരോധിച്ചിരുന്നു. തുടർന്ന് 2025 ജൂണിൽ വെജിറ്റബിൾ, ചിക്കൻ, ഫിഷ് കബാബുകളിൽ വൻതോതിൽ കണ്ടെത്തിയതിനെത്തുടർന്ന് ‘സൺസെറ്റ് യെല്ലോ’, ‘കാർമോസിൻ’ എന്നീ കൃത്രിമ നിറങ്ങളുടെ ഉപയോഗവും സർക്കാർ നിരോധിക്കുകയുണ്ടായി. എന്നാൽ, നഗരത്തിലെ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകൾ ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിൽ ഇപ്പോഴും ഇവയുടെ ഉപയോഗം തകൃതിയായി നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
വിഭവങ്ങൾക്ക് ആകർഷണീയത കൂട്ടാനാണ് തങ്ങൾ ചെറിയ അളവിൽ നിറങ്ങൾ ചേർക്കുന്നതെന്ന് മജസ്റ്റിക് മേഖലയിലെ ഒരു കച്ചവടക്കാരൻ പറഞ്ഞു. ചിക്കൻ വിഭവങ്ങൾ കൃത്യമായ നിറത്തിൽ കണ്ടില്ലെങ്കിൽ ഉപഭോക്താക്കൾക്ക് അത് വാങ്ങാൻ താല്പര്യമുണ്ടാകില്ലെന്നും, കച്ചവടം നഷ്ടപ്പെടാതിരിക്കാൻ നിറം ചേർത്തേ മതിയാകൂ എന്നുമാണ് ശിവാജിനഗറിലെ തന്തൂരി വ്യാപാരിയായ അബാസ് ഖാൻ വ്യക്തമാക്കുന്നത്. ജിലേബി, ജാംഗ്രി തുടങ്ങിയ മധുരപലഹാരങ്ങൾക്ക് ആവശ്യമായ കടും ഓറഞ്ച് നിറം ലഭിക്കാൻ കൃത്രിമ നിറങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ഇവിടുത്തെ മറ്റൊരു വ്യാപാരിയും സമ്മതിച്ചു.
അതേസമയം, നിയമം ലംഘിച്ച് നിരോധിത നിറങ്ങൾ ഉപയോഗിക്കുന്ന ഹോട്ടലുകൾക്കും തെരുവ് കച്ചവടക്കാർക്കുമെതിരെ കർശനമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു. തങ്ങൾ കൃത്യമായ നിരീക്ഷണവും പരിശോധനകളും നടത്തുന്നുണ്ടെന്നും, എന്നാൽ ഉദ്യോഗസ്ഥരുടെ പരിശോധനകൾ അവസാനിക്കുന്ന രാത്രി വൈകിയ വേളകളിലാണ് പല വ്യാപാരികളും ഭക്ഷണത്തിൽ ഇത്തരം നിറങ്ങൾ കലർത്തുന്നതെന്നും സൗത്ത് സോൺ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് അഡ്മിനിസ്ട്രേറ്റർ ഡോ. സുരേഷ് എച്ച്. വ്യക്തമാക്കി.
കൃത്രിമ ഭക്ഷ്യനിറങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ അലർജിക്കും ശ്രദ്ധക്കുറവിനും (ഹൈപ്പർ ആക്ടിവിറ്റി) കാരണമാകുമെന്ന് പ്രമുഖ ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് മേധാവി എഡ്വിന രാജ് മുന്നറിയിപ്പ് നൽകി. ചില വ്യക്തികളിൽ ചർമ്മത്തിലുണ്ടാകുന്ന തിണർപ്പ്, ചൊറിച്ചിൽ, തലവേദന, അല്ലെങ്കിൽ ശ്വാസതടസ്സം എന്നിവയ്ക്കും ഈ രാസവസ്തുക്കൾ കാരണമായേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
