വെബ് ടാക്സികളിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങൾ ഉയർന്നു വരികയാണെന്നും ഈ രംഗത്ത് പ്രമുഖരായ ഓലയോടും ഊബറിനോടും ഡ്രൈവർമാരുടെ പശ്ചാത്തലം പരിശോധിക്കാൻ നിർദേശം നൽകിയെങ്കിലും, ഇതു കാര്യക്ഷമമായി നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.ഇതേത്തുടർന്നാണ് ക്രമിനൽ പശ്ചാത്തലം ഇല്ലെന്ന് ഉറപ്പു വരുത്തിയുള്ള ഡ്രൈവർമാരെ ഉൾപ്പെടുത്തി സർക്കാർ വെബ് ടാക്സി സർവീസ് ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്.
പരാതികൾ വ്യാപകമായതിനെ തുടർന്ന്, ഡ്രൈവർമാരുടെ പശ്ചാത്തലം പരിശോധിക്കാനും ബോധവൽക്കരണം നടത്താനും ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജി.പരമേശ്വര ഓല, ഊബർ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളെ വിളിച്ചുചേർത്ത് നിർദേശം നൽകിയിരുന്നു. ഇത് ഗൗരവമായി ഏറ്റെടുക്കുന്നില്ല എന്നതിനു പുറമെ, ഗതാഗത വകുപ്പ് മുന്നോട്ടു വയ്ക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ വെബ്ടാക്സി കമ്പനികൾ പാലിക്കുന്നില്ലെന്നും മന്ത്രി തമ്മണ്ണ ആരോപിച്ചു.
ഒരുമാസത്തിനിടെ ഓല ടാക്സിയിൽ വിമാനത്താവളത്തിലേക്കു പോയ രണ്ടു യുവതികൾ തങ്ങളെ ഡൈവർമാർ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി പരാതി നൽകിയിരുന്നു. ഈ സംഭവങ്ങളിൽ ന്യായീകരണങ്ങൾ നിരത്തി കൈകഴുകാനുള്ള ശ്രമമാണ് വെബ്ടാക്സി കമ്പനി ചെയ്തത്.ഇത്തരം ഡ്രൈവർമാരെ പാനലിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്തക്കുറിപ്പ് ഇറക്കുന്നതോടെ ഉത്തരവാദിത്തം തീർന്നുവെന്ന നിലപാടിലാണ് പലപ്പോഴും കമ്പനികൾ.
മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിൽ 2017ൽ ആരംഭിച്ച ‘നമ്മ ടൈഗർ’ വെബ്ടാക്സി സർവീസ് സർക്കാർ ഏറ്റെടുക്കാനുള്ള സാധ്യതയും ഏറെയാണ്. ഓല, ഊബർ തുടങ്ങിയ കമ്പനികളോടു പിണങ്ങിപ്പിരിഞ്ഞ ഡ്രൈവർമാരെ ഉൾപ്പെടുത്തിയാണു നമ്മ ടൈഗറിനു തുടക്കമിട്ടത്. എന്നാൽ കാബ് സർവീസ് നടത്താനുള്ള ലൈസൻസ് ഇല്ലെന്നു ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് ഇടപെട്ടതോടെ, പദ്ധതിക്കു പൂട്ടുവീണു. സർക്കാർ വെബ് ടാക്സിയുടെ ബാനറിൽ ടൈഗറിനെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം കൂടിയാണ് അണിയറയിൽ നടക്കുന്നത്. തിരക്കിനനുസരിച്ചു നിരക്ക് കൂടുന്ന സർജ് പ്രൈസിങ് ഇല്ലാതെ എല്ലാ സമയത്തും ഒരേനിരക്കാണു നമ്മ ടൈഗർ വാഗ്ദാനം ചെയ്തിരുന്നത്.