ബെംഗളൂരു :ഏതാനും ദിവസം മുൻപ് മാലിന്യം നീക്കം ചെയ്യുന്ന ജീവനക്കാർ നടത്തിയ സമരം നഗരത്തെ ബാധിച്ചിരുന്നു, അടുത്തതായി നഗരത്തിലെ മാലിന്യനീക്കം പ്രതിസന്ധിയിലാകുമെന്ന സൂചന നൽകി ട്രക്ക് ഉടമകളുടെയും കരാറുകാരുടെയും സമരഭീഷണി.
മാലിന്യം നീക്കിയതിനുള്ള തുക അഞ്ചുമാസമായി കുടിശികയാണെന്നും ഇത് ഉടൻ നൽകിയില്ലെങ്കിൽ പണിമുടക്ക് നടത്തുമെന്നും കരാറുകാർ മുന്നറിയിപ്പ് നൽകി. അഞ്ചു മാസമായി 200 കോടിയോളം രൂപ കുടിശികയുണ്ടെന്ന് ഇവർ പറഞ്ഞു.
വാടക നൽകുന്ന കാര്യത്തിൽ ബെംഗളൂരു മഹാനഗരസഭ ഉദാസീന നിലപാടാണ് സ്വീകരിച്ചതെന്നു ഗാർബേജ് ലോറി ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എൻ.സുബ്രഹ്മണ്യം പറഞ്ഞു. വാടക നൽകാത്തതിനെതിരെ ഇന്നു പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചു. അതേസമയം ഇതു സംബന്ധിച്ച് ഇന്നു യോഗം വിളിച്ചിട്ടുണ്ടെന്നും കുടിശിക ഉടൻ നൽകാൻ നടപടി സ്വീകരിക്കുമെന്നും ബിബിഎംപി അധികൃതർ അറിയിച്ചു.