പൂന: നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്സിനു പിന്നാലെ കിങ്സ് ഇലവന് പഞ്ചാബും ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു യോഗ്യത നേടാനാവാതെ പുറത്തായി. നിർണായകമായ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടാണ് പഞ്ചാബ് പുറത്തായത്. ഇതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ കടന്നു. സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈയും കോൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് രാജസ്ഥാനെ കൂടാതെ പ്ലേ ഓഫിൽ ഇടംനേടിയത്.
ചെന്നൈ അഞ്ചു വിക്കറ്റിനാണ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. സുരേഷ് റെയ്നയുടെ അർധ സെഞ്ചുറി കരുത്തിൽ പഞ്ചാബിന്റെ 153 റൺസ് വിജയലക്ഷ്യം ചെന്നൈ അഞ്ച് പന്ത് ബാക്കിനിൽക്കെ മറികടന്നു. റെയ്ന 48 പന്തിൽ നാല് ഫോറും രണ്ടു സിക്സും പറത്തി 61 റൺസെടുത്ത് പുറത്താകാതെ നിന്നു. തുടക്കത്തിലെ (നാലിന് 58) പതർച്ചയ്ക്കു ശേഷം ദീപക് ചാഹറും (39) റെയ്നയും ചേർന്നാണ് ചെന്നൈയിനെ വിജയവഴിയിൽ മടക്കികൊണ്ടുവന്നത്. സിക്സടിച്ച് കളി ഫിനീഷ് ചെയ്ത നായകൻ എം.എസ് ധോണിയും (16) റെയ്നയ്ക്കൊപ്പം പുറത്താകാതെനിന്നു.
നേരത്തെ കരുൺ നായരുടെ (54) വെടിക്കെട്ട് അർധ സെഞ്ചുറിയാണ് പഞ്ചാബിനു മാന്യമായ സ്കോർ നൽകിയത്. 26 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും ഉൾപ്പെടുന്നതാണ് കരുണിന്റെ ഇന്നിംഗ്സ്. 30 പന്തിൽ 35 റൺസെടുത്ത മനോജ് തിവാരി മാത്രമാണ് കരുണിനെ കൂടാതെ പഞ്ചാബിന്റെ സ്കോർഡ് കാർഡിൽ ചലനം സൃഷ്ടിച്ചത്.
ഐപിഎൽ പോയിന്റ് നില
ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്റ്
സൺറൈസേഴ്സ് 14 9 5 0 18
സൂപ്പർ കിംഗ്സ് 14 9 5 0 18
നൈറ്റ് റൈഡേഴ്സ് 14 8 6 0 16
രാജസ്ഥാൻ റോയൽസ് 14 7 7 0 14
മുംബൈ ഇന്ത്യൻസ് 14 6 8 0 12
റോയൽ ചലഞ്ചേഴ്സ് 14 6 8 0 12
കിംഗ്സ് ഇലവൻ 14 6 8 0 12
ഡെയർ ഡെവിൾസ് 14 5 9 0 10