ബെംഗളൂരു : അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നാലു സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്തനടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളും പണവും മറ്റു വസ്തുക്കളും പിടിച്ചെടുത്തു.
ബെംഗളൂരു, മാണ്ഡ്യ, ചിക്കബെല്ലാപുര, മംഗളൂരു, ദാവണഗെരെ, മൈസൂരു ജില്ലകളിലായി 25 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ലോകായുക്ത ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഒരേ സമയത്താണ് വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ സീനിയർ ജിയോളജിസ്റ്റ് എം.സി. കൃഷ്ണവേണി, കാവേരി നീരാവരി നിഗംസ് സർഫേസ് വാട്ടർ ഡേറ്റാ സെന്റർ മാനേജിങ് ഡയറക്ടർ മഹേഷ്, ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ഡയറക്ടർ എൻ.കെ. തിപ്പെസ്വാമി, എക്സൈസ് സൂപ്രണ്ട് കെ. മോഹൻ എന്നിവരുമായി ബന്ധപ്പെട്ടയിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
കാവേരി നീരാവരി നിഗംസ് സർഫേസ് വാട്ടർ ഡേറ്റാ സെന്റർ മാനേജിങ് ഡയറക്ടറുടെയും ബന്ധുക്കളുടെയും ബെംഗളൂരു, മൈസൂരു, മാണ്ഡ്യ, മാലവല്ലി തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. മാനേജിങ് ഡയറക്ടറുടെ ഭാര്യയുടെ പേരിൽ കെ.ആർ.എസ്. ഗ്രാമത്തിലുള്ള പെട്രോൾബങ്കിലും പരിശോധന നടത്തി.
കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ലോകായുക്ത സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നത്.നവംബർ 12-ന് എട്ട് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടയിടങ്ങളിൽ നടത്തിയ റെയ്ഡിൽ 22.5 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു.
ബെലഗാവി, ഹാവേരി, ദാവണഗെരെ, ബീദർ, മൈസൂരു, രാമനഗര, ധാർവാഡ് എന്നീ ജില്ലകളിലാണ് അന്ന് റെയ്ഡ് നടത്തിയത്. ഉദ്യോഗസ്ഥരുടെ ബന്ധു വീടുകളുൾപ്പെടെ 37 സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.