ബെംഗളൂരു : കേരളത്തിൽ നിന്ന് മാലിന്യവുമായെത്തിയ ആറ് ലോറി ഗുണ്ടൽപേട്ടിലെ മൂലെഹോളെ ചെക്പോസ്റ്റിനു സമീപം കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പിടികൂടി.
ഡ്രൈവർമാർ ഉൾപ്പെടെ ഏഴാളുകളുടെ പേരിൽ ഗുണ്ടൽപേട്ട് പോലീസ് കേസെടുത്തു.
ലോറിയിൽ മാലിന്യം കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി.
മലിനീകരണ നിയന്ത്രണബോർഡ് മേഖലാ ഓഫീസർ പി.കെ. ഉമാശങ്കർ നൽകിയ പരാതിയിലാണ് കേസെടുത്തത്.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം അനധികൃതമായി കടത്തുകയായിരുന്നെന്ന് പരാതിയിൽ പറഞ്ഞു.
ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള മലിനീകരണ നിയന്ത്രണ ബോർഡിന് കർണാടക മലിനീകരണ നിയന്ത്രണബോർഡ് കത്തെഴുതി.
2019-ലാണ് കേരളത്തിലെ മാലിന്യം കർണാടകയുടെ അതിർത്തിപ്രദേശങ്ങളിൽ തള്ളാൻ ലോറിയിൽ കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെടുന്നത്.
ഒട്ടേറെ ലോറികൾ അന്ന് പിടികൂടിയിരുന്നു. ഇതോടെ, കേരളത്തിൽനിന്നുള്ള മാലിന്യക്കടത്ത് വലിയ ചർച്ചാവിഷയമായി. അതിനുശേഷം ഇപ്പോഴാണ് പ്രശ്നം വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
കേരളവുമായി ചേർന്നുനിൽക്കുന്ന കർണാടകത്തിന്റെ അതിർത്തിജില്ലകളായ മൈസൂരു, കുടക്, ചാമരാജ നഗർ എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ മേഖലകളിൽ മാലിന്യം തള്ളാനാണ് ലോറികളിൽ കൊണ്ടുവരുന്നതെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.