ബെംഗളൂരു : കന്നഡ നടൻ യഷ് നായകനായെത്തുന്ന പുതിയ സിനിമ ‘ടോക്‌സിക്കി’ന്റെ ചിത്രീകരണത്തിന് ബെംഗളൂരു പീനിയയിൽ എച്ച്.എം.ടി. യുടെ അധീനതയിലുള്ള വനഭൂമിയിൽനിന്ന് മരങ്ങൾ വെട്ടിമാറ്റിയതിന് നടപടിയെടുക്കാനൊരുങ്ങി വനം വകുപ്പ്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ വനം മന്ത്രി ഈശ്വർ ഖൻഡ്രെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എച്ച്.എം.ടി. യുടെ അധീനതയിലുള്ള ഈ സ്ഥലം റിസർവ് വനഭൂമിയാണെന്ന് പറഞ്ഞാണ് വനം വകുപ്പ് നടപടിയുമായി രംഗത്തെത്തിയത്.
സിനിമാ ചിത്രീകരണത്തിനായി നൂറു കണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റിയെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഈശ്വർ ഖൻഡ്രെ പറഞ്ഞു.
പ്രദേശത്തെ ഉപഗ്രഹ ചിത്രങ്ങൾ ഇത് തെളിയിക്കുന്നതായും ചൂണ്ടിക്കാട്ടി. പ്രദേശത്തിന്റെ പഴയതും പുതിയതുമായ ഉപഗ്രഹ ചിത്രങ്ങൾ അദ്ദേഹം എക്സിൽ പങ്കുവെച്ചു. സ്ഥലത്ത് സിനിമയുടെ കൂറ്റൻ സെറ്റിട്ട് മാസങ്ങളായി ചിത്രീകരണം നടന്നുവരുകയാണെന്നും പറഞ്ഞു.
കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച്.എം.ടി.യും സംസ്ഥാന വനംവകുപ്പും തമ്മിൽ പീനിയയിലെ 599 ഏക്കർ ഭൂമിയുടെ പേരിലുള്ള തർക്കത്തിലാണ് യഷ് സിനിമാ സംഘം പെട്ടുപോയത്. എച്ച്.എം.ടി. പുനരുദ്ധരിക്കാനുള്ള പദ്ധതി കേന്ദ്ര മന്ത്രി എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഭൂമിയുടെ ഉടമസ്ഥതയിൽ തർക്കമുടലെടുത്തത്.
വനംവകുപ്പിന്റെ റിസർവ് വനമാണിതെന്നും 1960-ൽ നിയമവുരുദ്ധമായി എച്ച്.എം.ടി.ക്ക് കൈമാറുകയായിരുന്നെന്നും ഈശ്വർ ഖൻഡ്രെ പറഞ്ഞു.
ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിക്കുമെന്നും പറഞ്ഞു. ഭൂമി എച്ച്.എം.ടി. ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ചു. എന്നാൽ, സ്വകാര്യ സ്ഥലത്താണ് ചിത്രീകരണം നടക്കുന്നതെന്നും നിയമലംഘനമില്ലെന്നും സിനിമാ നിർമാതാക്കളായ കെ.വി.എൻ. പ്രൊഡക്‌ഷൻ അറിയിച്ചു.
അതേസമയം, എച്ച്.എം.ടി.യുടെ ഭൂമിയിൽ ഈശ്വർ ഖൻഡ്രെ അതിക്രമിച്ചു കടന്നതായും നിയമനടപടി സ്വീകരിക്കുമെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.