പത്താംതരം പാസായ മരുമകളെയും കടത്തി വെട്ടി എഴുപത്തിനാലാം വയസിൽ കോളേജ് ക്യൂ നായി തങ്കമ്മ മുമ്പോട്ട്

ഇലഞ്ഞി: പ്രായാധിക്യത്തെ കടത്തിവെട്ടി 74 ആം വയസ്സിൽ ബി കോം ഓണേഴ്സ് പഠനത്തിന് റെഗുലർ കോളേജിൽ അഡ്മിഷൻ നേടി തങ്കമ്മ പി എം ചരിത്രം കുറിച്ചു.

എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ CAP മുഖാന്തരം ആണ് തങ്കമ്മ അഡ്മിഷൻ നേടിയത്. ചെറുപ്പകാലത്ത് തനിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം തിരിച്ചുപിടിക്കാൻ തങ്കമ്മേടത്തി നടന്നു കയറിയ വഴികൾ ആരെയും അത്ഭുതപെടുത്തും.

1951ൽ രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പള്ളി വില്ലേജിലാണ് ജനനം. കുട്ടിയായിരിക്കെ 8 ആം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നു. 1968 ൽ ഇലഞ്ഞിയിൽ വിവാഹം. മക്കൾ രണ്ടുപേരും വിവാഹിതരാണ്.

തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായ ചേടത്തിക്ക് മേറ്റ് സ്ഥാനം ലഭിക്കാൻ പത്താംക്ലാസ് യോഗ്യത വേണമെന്ന അറിവാണ് സാക്ഷരതാ മിഷൻ പത്താം ക്ലാസ് പരീക്ഷ എഴുതി 74% മാർക്കോടെ വിജയിക്കാൻ കാരണമായത്.

തുടർ പഠനം വീണ്ടും മുടങ്ങിയ സ്ഥിതിയായി. ഇതിനിടെ KPMS സംഘടന, മരങ്ങോലി പള്ളിയിലെ പ്രവർത്തനങ്ങൾ, കുടുംബശ്രീ പ്രവർത്തനങ്ങൾ തുടങ്ങിയവ വീണ്ടും തുടർപഠനത്തിന് പ്രചോദനം നൽകി.

മരുമകൾക്ക് മുൻപേ തങ്കമ്മ പത്താംതരം പാസായി. എന്നാൽ മരുമകൾ പഠനം തുടർന്നതോടെ ചേട്ടത്തിക്ക് വാശിയേറി. വീണ്ടും പഠിക്കാൻ തീരുമാനിച്ചു.

ഇതിനിടെ വിദ്യാരംഭങ്ങൾക്ക് നാട്ടിലെ വിദ്യാസമ്പന്നയായ മുത്തശ്ശി നിരവധി കുട്ടികളെ എഴുത്തിനിരുത്തി.
2024 സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയുടെ ഹ്യൂമാനിറ്റീസ് വിഷയത്തിൽ 78% ശതമാനം മാർക്കോടെ പ്ലസ് ടു പാസായി.

ഈ അവസരത്തിലാണ് വിസാറ്റ് ആർട്സ് & സയൻസ് കോളേജ് അധികൃതർ തങ്കമ്മ പി എം ന് ഡിഗ്രി ഓണേഴ്സ് പഠനത്തിനുള്ള അവസരം ഒരുക്കിയത്.

ഇതിനായി എംജി യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിലെ ഡിഫോൾട്ട് ഇയർ സിസ്റ്റം തന്നെ പുതുക്കി നൽകി. ഉത്സാഹത്തോടെ വിസാറ്റ് കോളേജിൽ ബികോം ഓണേഴ്സ് പഠനം ആരംഭിച്ചു.

പുതുപുത്തൻ യൂണിഫോം അണിഞ്ഞ് അല്പം ഗർവോടെ, തികഞ്ഞ മത്സരബുദ്ധിയോടെ തങ്കമ്മേടെത്തി ക്ലാസുകളിൽ ഇരിക്കുന്നു, പഠിക്കുന്നു ഒപ്പം കുടുംബശ്രീ പ്രവർത്തകയായും തൊഴിലുറപ്പ് മേറ്റായും പ്രവർത്തിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us