വെള്ളത്തിന്റെ നിരക്കുവർധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു : ബെംഗളൂരുവിൽ വെള്ളത്തിന്റെ നിരക്കുവർധിപ്പിക്കാനൊരുങ്ങി സർക്കാർ.

ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവെറേജ് ബോർഡ് നേരിടുന്ന സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്താണ് നിരക്കുവർധിപ്പിക്കുന്നത്.

കഴിഞ്ഞ 14 വർഷമായി നിരക്കുവർധിപ്പിച്ചിട്ടില്ലെന്നും അതിനാൽ ബി.ഡബ്ല്യു.എസ്.എസ്.ബി.യുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

നിരക്കുവർധന ഒഴിച്ചുകൂടാനാവാത്തതാണ്. സാമ്പത്തികപ്രതിസന്ധി കാരണം ജീവനക്കാർക്ക് ശമ്പളംകൊടുക്കാനും വൈദ്യുതി ബിൽ അടയ്ക്കാനും ബോർഡ് ബുദ്ധിമുട്ടുകയാണ്.

നഗരത്തിൽ ജലവിതരണമുറപ്പാക്കാൻ വിതരണശൃംഖല വ്യാപിപ്പിക്കേണ്ടതുണ്ട്. വായ്പകളെടുത്താണ് ഇവ സാധ്യമാക്കുന്നത്.

നിരക്കുവർധനകൂടാതെ ജല അതോറിറ്റിക്ക് അധികകാലം മുന്നോട്ടുപോകാനാവില്ലെന്നും ശിവകുമാർ പറഞ്ഞു.

വിവിധവിഭാഗത്തിലുള്ള ഉപഭോക്താക്കൾക്ക് നിരക്കുവർധനവ് ഒരുപോലെയായിരിക്കില്ലെന്നും മന്ത്രി സൂചിപ്പിച്ചു.

കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ വൈദ്യുതിനിരക്ക് പലതവണ വർധിപ്പിച്ചിട്ടുണ്ട്. ഇത് ജല അതോറിറ്റിക്ക് ബാധ്യതയായി.

പ്രാദേശികമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുന്ന പുതിയകമ്പനിയെ ചുമതലപ്പെടുത്താനുള്ള ആലോചനയും സർക്കാരിനുണ്ട്.

സൗരോർജംവഴിയും മറ്റുമാർഗങ്ങളിലൂടെയും ചെലവുകുറയ്ക്കാൻ ബോർഡിനു സാധിക്കുമെന്നും ശിവകുമാർ പറഞ്ഞു.

സംസ്ഥാനത്ത് ജലവിതരണം സ്വകാര്യവത്കരിക്കാനുള്ള നിർദേശത്തിന് ഒരിക്കലും അംഗീകാരംനൽകില്ല. ജെ.എച്ച്. പട്ടേലിന്റെയും എസ്.എം. കൃഷ്ണയുടെയും ഭരണകാലത്താണ് ജലവിതരണം സ്വകാര്യവത്കരിക്കുന്നതിനുള്ള നിർദേശം ഉയർന്നുവന്നത്.

എന്നാൽ, വിവിധരാജ്യങ്ങളിലെ ജലവിതരണസമ്പ്രദായം താൻ പഠിച്ചിട്ടുണ്ടെന്നും സ്വകാര്യവത്കരണം ബെംഗളൂരുവിന് യോജിച്ചതല്ലെന്നും ശിവകുമാർ വ്യക്തമാക്കി.

എസ്.എം. കൃഷ്ണയുടെ ഭരണകാലത്താണ് ജലവിതരണം സ്വകാര്യവത്കരിക്കുന്നതുസംബന്ധിച്ച് വലിയചർച്ചകൾ വന്നത്.

അക്കാലത്ത് നഗരവികസനമന്ത്രിയായിരുന്ന താൻ ഫ്രാൻസുൾപ്പെടെയുള്ള രാജ്യങ്ങളിൽപ്പോയി പഠനംനടത്തിയിരുന്നു.

അതിന്റെയടിസ്ഥാനത്തിലാണ് ബെംഗളൂരുവിൽ അനുയോജ്യമല്ലെന്ന് വ്യക്തമാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതെന്നും ശിവകുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us