ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും. ഗംഗാവാലിപ്പുഴയില്‍ നാവികസേന ഇന്ന് പരിശോധന നടത്തും.
സോണാര്‍ പരിശോധന അടക്കം നടത്താനാണ് നാവികസേനയുടെ നീക്കം. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാവും വിശദമായ പരിശോധന.
സോണാര്‍ പരിശോധനയിലൂടെ ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയതിന് ശേഷമാകും ഡൈവര്‍മാര്‍ പുഴയിലേക്ക് ഇറങ്ങുക.
നദിയിലെ ജലനിരപ്പ് താഴ്ന്നതിനൊപ്പം കുത്തൊഴുക്കിനും കുറവുണ്ടെന്നാണ് നാവികസേന നടത്തിയ പരിശോധനയില്‍ വ്യക്തമായത്.
ഇന്നലെ വൈകുന്നേരം ഉത്തര കന്നട ജില്ലാ കളക്ടര്‍, എസ് പി, നാവികസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നായിരുന്നു തിരച്ചില്‍ താത്കാലികമായി നിര്‍ത്തുന്ന ഘട്ടത്തില്‍ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്.
പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കഴിഞ്ഞ ദിവസം യോഗത്തിന് മുമ്പ് പ്രതികരിച്ചത്.
അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെ വി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.