കുറച്ചൊന്നുമല്ല ടിക്കറ്റ് ഇല്ലാതെ യാത്രചെയ്യുന്നത്; ഇത്തരക്കാരെ പിടികൂടാൻ നടപടിയുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു : ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കി കർണാടക ആർ.ടി.സി.

ജൂണിൽ കോർപ്പറേഷന്റെ വിജിലൻസ് സ്ക്വാഡ് 43,126 ബസുകൾ പരിശോധിച്ചപ്പോൾ ടിക്കറ്റില്ലാതെ യാത്രചെയ്ത 3610 ആളുകളിൽനിന്ന് പിഴ ഈടാക്കി.

ആകെ 5,97,517 രൂപയാണ് പിഴയിനത്തിൽ പിരിച്ചെടുത്തത്. ബസ് ജീവനക്കാർക്കെതിരേയും അച്ചടക്കനടപടി സ്വീകരിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.

കർണാടക ആർ.ടി.സി., നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി, കല്യാണ കർണാടക ആർ.ടി.സി., ബി.എം.ടി.സി. എന്നീ കോർപ്പറേഷനുകളിൽ കഴിഞ്ഞമാസം മുതലാണ് പരിശോധന ശക്തമാക്കിത്തുടങ്ങിയത്.

ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്ന സംഭവങ്ങൾ കൂടിയ പശ്ചാത്തലത്തിലാണ് നടപടി. പുരുഷൻമാരാണ് ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരിൽ ഭൂരിഭാഗവും.

ആർ.ടി.സി. ബസുകളിൽ കർണാടകത്തിലെ ആധാർ കാർഡുള്ള സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകൾക്കും സൗജന്യയാത്രയുണ്ടെന്ന് വിചാരിച്ച് ടിക്കറ്റ് കൊടുക്കാതെ യാത്ര ചെയ്യുന്ന ഇതരസംസ്ഥാനക്കാരായ സ്ത്രീകൾ ധാരാളമുണ്ട്.

ചില ബസുകളിൽ കണ്ടക്ടർമാർ എല്ലാവരെയും പരിശോധിക്കാറില്ല. ഇതു മുതലെടുത്താണ് ഇവർ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നത്.

സൗജന്യയാത്രയ്ക്ക് അർഹരായ സ്ത്രീകൾ കർണാടകത്തിലെ ആധാർ കാർഡ് കാണിച്ചാൽ കണ്ടക്ടർ സീറോ ടിക്കറ്റ് കൊടുക്കുകയാണ് ചെയ്യുന്നത്.

ബെംഗളൂരുവിലും ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവർ ഒട്ടേറെയാണ്. തിരക്കേറിയ ബസുകളിലാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നത്.

ഇതുകൂടാതെ സ്ത്രീകളുടെസീറ്റിൽ ഇരിക്കൽ, അംഗപരിമിതർക്കായി മാറ്റിവെച്ചസീറ്റിൽ ഇരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കും പിഴയീടാക്കുന്നുണ്ട്.

ജൂണിൽ ബി.എം.ടി.സി. ബസുകളിൽ സ്ത്രീകളുടെ സീറ്റിലിരുന്ന 501 പുരുഷൻമാരിൽനിന്ന് പിഴ ഈടാക്കിയിരുന്നു. സ്ത്രീകൾ സീറ്റില്ലാതെ നിൽക്കുമ്പോഴും മാറിക്കൊടുക്കാത്തവർക്കാണ് പിഴചുമത്തിയത്.

50,100 രൂപയാണ് പിഴ ഈടാക്കിയത്. ബി.എം.ടി.സി. ബസുകളിൽ സാധാരണ ടിക്കറ്റിനുപുറമേ ഒരുദിവസത്തേക്കുള്ളതും ഒരു മാസത്തേക്കുള്ളതുമായ ടിക്കറ്റുകൾ ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us