ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ ജെ.ഡി.എസ്. നിയമസഭാംഗം എച്ച്.ഡി. രേവണ്ണയുടെ മുൻകൂർജാമ്യഹർജി തിങ്കളാഴ്ച വിധിപറയാനായി മാറ്റി.
രേവണ്ണയുടെ ഇടക്കാലജാമ്യത്തിന്റെ സമയപരിധിയും തിങ്കളാഴ്ചവരെ നീട്ടി. വെള്ളിയാഴ്ച രേവണ്ണയുടെ അഭിഭാഷകന്റെയും പ്രത്യേക അന്വേഷണസംഘത്തിന്റെയും വാദം കേട്ടശേഷമാണ് ബെംഗളൂരുവിലെ 42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഹർജി വിധിപറയാനായി മാറ്റിയത്.
വ്യാഴാഴ്ച രേവണ്ണ മുൻകൂർജാമ്യാപേക്ഷ നൽകി കോടതിയിൽ ഹാജരായി. തുടർന്ന് വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതുവരെ (ഒരുദിവസത്തേക്ക്) ഇടക്കാലജാമ്യം അനുവദിച്ചിരുന്നു.
രേവണ്ണയുടെ വീട്ടിലെ മുൻ ജോലിക്കാരിയായ 47-കാരി നൽകിയ പരാതിയിലാണ് രേവണ്ണയുടെപേരിൽ ഹൊളെനരസിപുര പോലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തത്.
രേവണ്ണയുടെ മകനും ഹാസനിലെ ജെ.ഡി.എസ്. എം.പി.യുമായ പ്രജ്ജ്വൽ രേവണ്ണയും കേസിൽ പ്രതിയാണ്.
പ്രജ്ജ്വൽ രേവണ്ണ വിദേശത്തേക്ക് കടന്നിട്ട് ഇതുവരെയും തിരിച്ചെത്തിക്കാൻ അന്വേഷണോദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.
പ്രജ്ജ്വലിന്റെ അശ്ലീലവീഡിയോയിലുൾപ്പെട്ട മറ്റൊരുസ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ രേവണ്ണയ്ക്ക് ചൊവ്വാഴ്ച ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് പുറത്തിറങ്ങിയതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.