ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോ സ്റ്റേഷനുകളിൽനിന്ന് ലക്ഷ്യസ്ഥാനത്തേക്കെത്താനുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഇനി വനിതകളുടെ നിയന്ത്രണത്തിലുള്ള ഇലക്‌ട്രിക് ഓട്ടോ റിക്ഷകളും.
ആദ്യഘട്ടത്തിൽ പരീക്ഷണാർഥം ഇന്ദിരാനഗർ, യെലച്ചനഹള്ളി മെട്രോ സ്റ്റേഷനുകളിലാണ് ഇ-ഓട്ടോകൾ ആരംഭിച്ചത്.
നഗരമധ്യത്തോടുചേർന്നുള്ള വാണിജ്യ ഹബ്ബായതിനാലാണ് പരീക്ഷണഘട്ടത്തിനായി ഇന്ദിരാനഗർ മെട്രോ സ്റ്റേഷനെ തിരഞ്ഞെടുത്തത്.
അതുപോലെത്തന്നെ റെസിഡൻഷ്യൽ മേഖലയാണെങ്കിലും അതിവേഗം ഐ.ടി. ഹബ്ബായി മാറുന്നത് പരിഗണിച്ചാണ് യെലച്ചനഹള്ളി മെട്രോ സ്റ്റേഷനെ തിരഞ്ഞെടുത്തത്.
പരിസ്ഥിതിസൗഹൃദ ഇന്ധനത്തെ പ്രോത്സാഹിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ആൾസ്റ്റം ആണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.), മെട്രോറൈഡ് ആപ്പ് എന്നിവയുമായി സഹകരിച്ച് ഇ-ഓട്ടോകൾ സർവീസ് നടത്തുന്നത്.
സ്റ്റേഷന്റെ നാലുകിലോമീറ്റർ പരിധിയിലാകും ഇ-ഓട്ടോറിക്ഷകളുടെ സേവനം ലഭിക്കുകയെന്ന് ആൾസ്റ്റം മാനേജിങ് ഡയറക്ടർ ഒലീവ്യർ ലൊയ്‌സൻ പറഞ്ഞു.
ഇ-ഓട്ടോയുടെ ഡ്രൈവർ വനിതകളാകുമ്പോൾ വനിതായാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുമെന്ന് ഒലിവ്യർ ലോയ്‌സൻ പറഞ്ഞു. ഇതിനായി വനിതാഡ്രൈവർമാർക്ക് പ്രത്യേകപരിശീലനം കൊടുത്തിട്ടുണ്ട്.
സ്ത്രീകൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതകളുടെ നിയന്ത്രണത്തിലുള്ള ഇലക്‌ട്രിക് ഓട്ടോറിക്ഷകൾ ഇറക്കിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.