ബെംഗളൂരു: അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹ ചടങ്ങുകൾ സന്തോഷത്തോടെ പൂർത്തിയായാപ്പോഴും വിവാഹ വേദിയിൽ രാധിക നൊമ്പരമായി രാധികയുടെ ചിത്രങ്ങൾ.
ഫെബ്രുവരി 19ന് ബെംഗളൂരുവിൽ വച്ചു നടന്ന വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകൾ 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവൻഷൻ സെന്ററിൽ വച്ചായിരുന്നു.
ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രൻ ആണ് ദേവികയുടെ കഴുത്തിൽ താലി ചാർത്തിയത്.
ബെംഗളൂരു സ്വദേശികളായ വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ് അഭിഭാഷകനാണ്.
ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
പിതാവ് സുരേഷ് കൃഷ്ണന്റെ കൈ പിടിച്ച് വിവാഹവേദിയിലെത്തിയ ദേവിക അമ്മയുടെ ചിത്രത്തിനു മുന്നിൽ വണങ്ങിയത് കണ്ടുനിന്നവരെയും വേദനിപ്പിച്ചു.
മുല്ലപ്പൂവാൽ അലങ്കരിച്ച അമ്മയുടെ ചിത്രത്തെ സാക്ഷിയാക്കിയാണ് ദേവികയും അരവിന്ദും മണ്ഡപത്തിനു ചുറ്റും വലം വച്ചത്.
അടുത്ത ബന്ധുവായ ഗായിക സുജാത മോഹനാണ് ദേവികയുടെ അമ്മയുടെ സ്ഥാനത്തുണ്ടായിരുന്നത്.
സുജാതയും ഭർത്താവ് കൃഷ്ണമോഹനും ചടങ്ങുകളിൽ നിറസാന്നിധ്യമായിരുന്നു.
ജയറാം, പാർവതി, ജി.വേണുഗോപാൽ തുടങ്ങി സിനിമാ സംഗീതരംഗത്തെ നിരവധി പ്രമുഖരും ദേവികയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തി.
രാധിക തിലകിന്റെ ഏകമകളാണ് ദേവിക സുരേഷ്.
ഗായികയായി മികവ് തെളിയിച്ച ദേവിക, അമ്മയുടെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയൊരുക്കിയ മെഡ്‌ലി ഏറെ ശ്രദ്ധേയമായിരുന്നു.
അർബുദത്തെ തുടർന്ന് ചികിത്സയിൽക്കഴിയവെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്.
മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ എന്നിവയാണ് രാധികയുടെ ശ്രദ്ധേയമായ ഗാനങ്ങൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.