സബേർബൻ റെയിൽ പദ്ധതിക്ക് കൂടുതല്‍ കരുത്താകാന്‍ കന്റോൺമെന്റ്–വൈറ്റ്ഫീൽഡ് റെയിൽപാത നാലുവരിയാക്കുന്നു.

ബെംഗളൂരു : സബേർബൻ റെയിൽ പദ്ധതിക്ക് ഊർജമേകി കന്റോൺമെന്റ് മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള റെയിൽപാത നാലുവരിയാക്കാനുള്ള പദ്ധതിക്കു റെയിൽവേയുടെ അനുമതി. നിലവിലെ രണ്ടു പാളങ്ങൾക്കു പുറമെ രണ്ടു പാളംകൂടി സ്ഥാപിക്കാൻ കേന്ദ്രം 492.87 കോടി രൂപ അനുവദിച്ചു. വൈറ്റ്‌ഫീൽഡിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ രണ്ടു പതിറ്റാണ്ടത്തെ കാത്തിരിപ്പാണു സഫലമാകുന്നത്.

ഐടി ജീവനക്കാർ ഉൾപ്പെടെ ദിവസേന പതിനായിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ഈ റൂട്ടിൽ ട്രെയിനുകൾ‌ പിടിച്ചിടുന്നത് ഒഴിവാക്കാനും കൂടുതൽ സർവീസുകൾ തുടങ്ങാനും നാലുവരിപ്പാത സഹായിക്കും. മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷൻ മുതൽ വൈറ്റ്ഫീൽഡ് വരെ നാലുവരിപ്പാത നിർമിക്കാനുള്ള പദ്ധതിക്കു 1997–98 കാലത്താണ് അനുമതി ലഭിച്ചത്. മജസ്റ്റിക്–കന്റോൺമെന്റ് സ്റ്റേഷനുകൾക്കിടയിൽ സ്ഥലം ലഭ്യമാകാത്തതും ചിലയിടങ്ങളിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അമിത ചെലവും പദ്ധതിക്കു തടസ്സമായി.

എന്നാൽ മജസ്റ്റിക്–കന്റോൺമെന്റ് ഭാഗം ഒഴിവാക്കി ശേഷിച്ച പാത ഉൾപ്പെടുത്തി പദ്ധതി പുനർനിർണയിച്ചു. ഈ ഭാഗങ്ങളിൽ റെയിൽവേയ്ക്ക് ആവശ്യത്തിനു സ്ഥലമുള്ളതിനാൽ സ്ഥലം ഏറ്റെടുക്കലും തലവേദനയാകില്ല. നാലുവരിപ്പാത നിർമാണം ഉടൻ തുടങ്ങുമെന്നും രണ്ടോ മൂന്നോ വർഷം കൊണ്ടു പൂർത്തിയാക്കുമെന്നും റെയിൽ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഒട്ടേറെ ഐടി കമ്പനികളുള്ള വൈറ്റ്ഫീൽഡിലേക്കു കൂടുതൽ സബേർബൻ ട്രെയിനുകൾ വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.

എന്നാൽ ഇപ്പോഴുള്ള ട്രെയിനുകൾ പോലും അടിക്കടി പിടിച്ചിടുന്ന രണ്ടുവരി പാത കൂടുതൽ ട്രെയിൻ അനുവദിക്കുന്നതിനു തടസ്സമായി. രണ്ടുപാളം മാത്രമുള്ള കന്റോൺമെന്റ്, വൈറ്റ്ഫീൽഡ് സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഇരുദിശകളിലുമായി ശരാശരി 40 ട്രെയിനുകളാണ് ദിവസേന സർവീസ് നടത്തുന്നത്. 20 കിലോമീറ്റർ പാതയിൽ ബെംഗളൂരു ഈസ്റ്റ്, ബയ്യപ്പനഹള്ളി, കെആർ പുരം, ഹൂഡി എന്നിവയാണ് മറ്റു സ്റ്റേഷനുകൾ.

ഇതിനു പുറമെ യശ്വന്തപുര–ബയ്യപ്പനഹള്ളി–ചന്നസന്ദ്ര (21.7 കിലോമീറ്റർ–169.64 കോടി രൂപ), ബയ്യപ്പനഹള്ളി–ഹൊസൂർ (48 കിലോമീറ്റർ–375.66 കോടി രൂപ) എന്നീ പാതകൾ ഇരട്ടിപ്പിക്കാനും 2018–19ലെ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ബെംഗളൂരുവിനു പുതിയ പ്രതീക്ഷ നൽകുന്നതാണ് നാലുവരിപ്പാത പദ്ധതി. സമീപകാലത്ത് ഓഫിസിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു കൂടുതൽ പേർ ഡെമു–മെമു, പാസഞ്ചർ സർവീസുകളെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.

ഒന്നര വർഷത്തിനിടെ ബെംഗളൂരുവിൽ നിന്ന് 26 പുതിയ സബേർബൻ സർ‌വീസുകളാണ് തുടങ്ങിയത്. ബാനസവാടി, ബയ്യപ്പനഹള്ളി, വൈറ്റ്‌ഫീൽഡ്, ഇലക്ട്രോണിക്സിറ്റി (ഹീലലിഗെ), ഹൊസൂർ തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് കഴിഞ്ഞയാഴ്ച സർവീസ് തുടങ്ങിയ എട്ട് ഡെമു–മെമു സർവീസുകൾക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us