ഹൈദരാബാദ്: അടുത്തിടെ സെക്കന്തരാബാദിലെ അൽവാൽ പ്രദേശത്തെ സമ്പത്ത് എന്നയാളുടെ വീട്ടിൽ മലിനജലത്തോടൊപ്പം പാമ്പ് വന്നതോടെ പരിഭ്രാന്തിയിലായി വീട്ടുകാർ. പാമ്പ് വീട്ടിൽ വരുന്നത് കണ്ട് സമ്പത്ത് ജിഎച്ച്എംസി ജീവനക്കാരെ വിവരം അറിയിച്ചു.
ആറുമണിക്കൂർ കഴിഞ്ഞിട്ടും അധികൃതർ എത്താഞ്ഞതോടെ സമ്പത്ത് രോഷം പ്രകടിപ്പിച്ച് പാമ്പിനെ സ്വയം പിടികൂടി പെട്ടിയിലാക്കി. തുടർന്ന് ക്ഷമ നശിച്ച് നേരിട്ട് ജിഎച്ച്എംസി വാർഡ് ഓഫീസിലെത്തി.
അവിടെ അദ്ദേഹം ഒരു ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് ഈ പാമ്പിനെ ഉപേക്ഷിച്ച് ഉദ്യോഗസ്ഥാന്റെ അശ്രദ്ധയെ വിമർശിച്ചു. ഈ വിഷയം പുറത്തായതോടെ ജിഎച്ച്എംസിക്കെതിരെ പൊതുജനങ്ങളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ഹൈദരാബാദ് നഗരത്തിലാകെ വ്യാപകമായി മഴ പെയ്യുകയാണ്. ഈ മഴയിൽ റോഡുകളും കോളനികളും വെള്ളത്തിനടിയിലായി.
ചിലയിടങ്ങളിൽ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ മലിനജലം വീടുകളിലും കയറുന്നുണ്ട്. അഴുക്കുവെള്ളത്തിനൊപ്പം പ്രാണികളും പാമ്പുകളും വീടുകളിൽ കയറുന്നുണ്ട്.
അടുത്തിടെ പെയ്ത മഴയിൽ നഗരത്തിൽ പ്രശ്നങ്ങൾ വർധിച്ചതിനാൽ സഹായത്തിനായി നഗരവാസികൾ 9000113667 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജിഎച്ച്എംസി അഭ്യർത്ഥിച്ചു.
ഈ സംഭവത്തെത്തുടർന്ന് ഈ ജിഎച്ച്എംസി കോൾ സെന്ററിന്റെ പ്രവർത്തനത്തിൽ പരക്കെ പരാതികൾ ഉയരുന്നുണ്ട്. മറുവശത്ത് ജിഎച്ച്എംസി അധികൃതരാരും ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.