ബെംഗളൂരു: ജമ്മു–കശ്മീരിന് ഒഴികെ മറ്റൊരു സംസ്ഥാനത്തിനും പ്രത്യേക പതാക രൂപീകരിക്കാൻ ഭരണഘടനപ്രകാരം അനുവാദമില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ. മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മൂന്നു നിറമുള്ള സംസ്ഥാന പതാകയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയാൽ, മറ്റു സംസ്ഥാനങ്ങളും ഇതേ മാതൃകയിൽ മുന്നോട്ടു വരും. ജില്ലാ അടിസ്ഥാനത്തിൽ പോലും പതാകകൾ രൂപീകരിച്ചെന്നു വരും.
ഇതു ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവിയുള്ളതിനാലാണ് പതാക അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ പതാക സംബന്ധിച്ചുള്ള ചട്ടപ്രകാരം രാജ്യത്തിന് ഒരു ദേശീയ പതാക മാത്രമേ പാടുള്ളൂ. എന്നാൽ കർണാടക സർക്കാരിൽ നിന്ന് പതാകയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയൊന്നും ഇതേവരെ ലഭിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ ഒരു പതാകയുണ്ടെങ്കിൽ തന്നെ സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ മറ്റും ത്രിവർണ പതാകയല്ലാതെ, മറ്റൊന്നും ഉയർത്താൻ പാടില്ല. ഭാഷാടിസ്ഥാനത്തിൽ വേർതിരിച്ചിരിക്കുന്ന സംസ്ഥാനങ്ങളുടെ രൂപീകരണ ദിനത്തിൽ, വൈകാരികമായ ഒരു ചിഹ്നമായി മാത്രമേ ഇത്തരം പതാകകൾ ഉയർത്താറുള്ളൂ.