ന്യൂഡല്‍ഹി : ഇസ്ളാമബാദിലെത്തിയ തന്നോട് ആതിഥേയ രാജ്യമായ പാകിസ്ഥാന്‍ മോശമായി പെരുമാറിയെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ തുറന്നടിച്ചു. സാര്‍ക് യോഗത്തിലെ തന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചില്ലെന്നും പ്രസംഗം പ്രക്ഷേപണം ചെയ്തില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇത്തരത്തില്‍ കീഴ്വഴക്കമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും വിദേശ മന്ത്രാലയത്തോട് ചോദിക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.രാജ്നാഥ് സിങ്ങിന്റെ പ്രസംഗം മൂടിവച്ചിട്ടില്ലെന്ന നിലപാടാണ് വിദേശമന്ത്രാലയം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. എന്നാല്‍, രാജ്യസഭയില്‍ വിദേശമന്ത്രാലയത്തിന്റെ നിലപാട് ഖണ്ഡിക്കും വിധമായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. തന്നോടൊപ്പമെത്തിയ ദൂരദര്‍ശന്റെയും ആകാശവാണിയുടെയും പിടിഐയുടെയും ലേഖകരെ വേദിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് പാക് ഉദ്യോഗസ്ഥര്‍ വിലക്കിയെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പ്രസംഗം തത്സമയം പ്രക്ഷേപണം ചെയ്തോയെന്ന് തനിക്കറിയില്ല. മാധ്യമ പ്രവര്‍ത്തകരെ വിലക്കുന്നത് കീഴ്വഴക്കമാണോയെന്നതും തനിക്കറിയില്ല.
യോഗത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഉച്ചഭക്ഷണത്തിന് താന്‍ നിന്നില്ല. ഭക്ഷണത്തിനായി എല്ലാവരെയും ക്ഷണിച്ച ശേഷം ആതിഥേയനായ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി ചൌധരി നിസാര്‍ അലിഖാന്‍ വേദിവിട്ടു. ആതിഥേയന്‍ സ്ഥലംവിട്ട സാഹര്യത്തില്‍ ഭക്ഷണത്തിന് താന്‍ നിന്നില്ല. അല്ലെങ്കിലും ഭക്ഷണം കഴിക്കാനല്ല താന്‍ പാകിസ്ഥാനിലേക്ക് പോയത്. തന്റെ സന്ദര്‍ശനത്തിനെതിരായി നഗരത്തില്‍ പ്രതിഷേധങ്ങള്‍ കണ്ടു. വിമാനത്താവളത്തില്‍നിന്ന് വാഹനത്തില്‍ ഹോട്ടലിലേക്ക് പോകാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, സുരക്ഷയുടെയും മറ്റും പേരുപറഞ്ഞ് ഹെലികോപ്റ്ററിലാണ് കൊണ്ടുപോയത്.
നമ്മുടെ പ്രധാനമന്ത്രിമാര്‍ അയല്‍രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍, ആ രാജ്യം ഒരിക്കലും പഠിക്കില്ല. തീവ്രവാദത്തിന് എതിരെ മാത്രമല്ല അതിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും കര്‍ക്കശ നടപടി സ്വീകരിക്കണമെന്ന് താന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. തീവ്രവാദികളെ രക്തസാക്ഷികളായി ചിത്രീകരിക്കരുതെന്നും തീവ്രവാദികള്‍ തീവ്രവാദികള്‍ തന്നെയാണെന്നും എടുത്തുപറഞ്ഞു– രാജ്നാഥ് രാജ്യസഭയിലെ പ്രസ്താവനയില്‍ പറഞ്ഞു.
ഈ വിഷയത്തില്‍ പൂര്‍ണമായും സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. പാകിസ്ഥാന്‍ പ്രോട്ടോക്കോള്‍ പാലിക്കാതിരുന്നതിനെ കടുത്ത ഭാഷയില്‍ അപലപിക്കുന്നതായും രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഘട്ടമാണിതെന്നും ജെഡിയു നേതാവ് ശരത് യാദവ് പറഞ്ഞു.
ആഭ്യന്തര മന്ത്രിയെ അവഹേളിച്ച പാകിസ്ഥാന്റെ നടപടിയെ പ്രതിപക്ഷ പാര്‍ടികളെല്ലാം ഒരേ സ്വരത്തില്‍ അപലപിച്ചു. ആഭ്യന്തര മന്ത്രിയുടെ പ്രസംഗം തമസ്കരിച്ച നടപടിയും അപലപിക്കപ്പെട്ടു.