ബെംഗളൂരു : എല്ലാ ആഘോഷ കാലത്തും മലയാളികൾ അനുഭവിക്കുന്ന ദുരിതത്തിൽ ഇക്കുറിയും അറുതിയില്ല. ഈസ്റ്ററിനും വിഷുവിനും നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ കിട്ടാത്ത സ്ഥിതിയാണ്. സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുമില്ല. യാത്രാദുരിതം തീർക്കാൻ ഈ റൂട്ടിൽ സ്പെഷൽ ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾക്ക് കഴുത്തറുപ്പൻ നിരക്കാണ് ഈടാക്കുന്നത്. അധികതുക ചെലവാക്കിയെങ്കിലും ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചാലും സീറ്റുകൾ പരിമിതം. ഈസ്റ്ററിനു ശേഷവും വിഷുവിനു ശേഷവും തിരികെപ്പോകാനുള്ള ടിക്കറ്റിന്റെ സ്ഥിതിയും ഇതുതന്നെ. തത്കാൽ ടിക്കറ്റ് ഓൺലൈൻ ആയി എടുക്കാനുള്ള ബുദ്ധിമുട്ടും യാത്രക്കാരെ വലയ്ക്കുന്നു. യാത്ര പുറപ്പെടുന്നതിന്റെ തലേന്നു മാത്രമേ തത്കാൽ ബുക് ചെയ്യാനാകൂ എന്നതിനാൽ സീറ്റ് ഉറപ്പിക്കാതെ യാത്ര നടക്കുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.
സ്വകാര്യ ബസുകളും ആഘോഷ വേളകളിൽ അധികനിരക്ക് ഈടാക്കുന്നത്. യാത്രക്കാർക്ക് തിരിച്ചടിയാണ്. ഇരട്ടിയിലേറെയാണ് ആഘോഷദിനങ്ങളിൽ ബസ് നിരക്ക് കൂട്ടുന്നത്.
ആഘോഷ ദിവസങ്ങളിൽ മാത്രമല്ല, വേനലവധിക്കാലമായ മേയ് അവസാനം വരെ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് ഈ റൂട്ടുകളിൽ ട്രെയിൻ ടിക്കറ്റ് ബാക്കിയുള്ളത്. ഈസ്റ്റർ, വിഷു ദിനങ്ങളിലും തൊട്ടടുത്ത ദിവസങ്ങളിലും വിമാന ടിക്കറ്റ് നിരക്കും സാധാരണ ദിനങ്ങളുടെ ഇരട്ടിയോളമാണ്.
ആഘോഷ ദിവസങ്ങളിലെയും വേനലവധിക്കാലത്തെയും തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ സ്പെഷൽ ട്രെയിനുകൾ ഓടിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പലപ്പോഴും സ്പെഷൽ ട്രെയിനുകൾ ഓടിക്കുമ്പോൾ അറിയിപ്പ് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ മാത്രമാണ് ലഭിക്കുന്നത് ഒന്നോ രണ്ടോ ആഴ്ചകൾക്കു മുൻപേ ഇതു സംബന്ധിച്ച അറിയിപ്പു ലഭിച്ചാൽ യാതട്രെയിനിലേക്ക് മാറ്റാൻ സാധിക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.