ബെംഗളൂരു: പട്ടം പറത്തുന്നതിനിടെ ഹൈ ടെൻഷൻ കമ്പിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് പൊള്ളലേറ്റ 13 വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. നോർത്ത് ബെംഗളൂരുവിലെ എച്ച്എംടി ലേഔട്ടിലെ ദാസപ്പ ഗാർഡനിൽ താമസിക്കുന്ന മുഹമ്മദ് അബൂബക്കർ ഖാനാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. എച്ച്എംടി ലേഔട്ടിലെ ആറാം ‘ബി’ ക്രോസ് റോഡിലെ വിശ്വേശ്വരയ്യ പാർക്കിൽ പട്ടം പറത്തുകയായിരുന്നു അബൂബക്കറും സുഹൃത്തും. പട്ടം പറത്തുന്നതിനിടെ പാർക്കിനോട് ചേർന്നുള്ള ജനവാസകേന്ദ്രത്തിൽ നിന്ന് ഒന്നരയടിയോളം അകലെയുള്ള ഹൈടെൻഷൻ കമ്പിയിൽ പട്ടം കുടുങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ സമീപത്തെ വീടിന്റെ ടെറസിൽ കയറി പട്ടമെടുക്കാനുള്ള ശ്രമത്തിനിടെ ഹൈടെൻഷൻ കമ്പിയുമായി സമ്പർക്കം പുലർത്തിയ അബൂബക്കറിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
സുഹൃത്തിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ അബൂബക്കറിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നിന്ന് വിക്ടോറിയ ആശുപത്രിയിലെ ബേൺസ് വാർഡിലേക്ക് മാറ്റുകയും ചെയ്തു.
80 ശതമാനത്തോളം പൊള്ളലേറ്റ അബൂബക്കർ ബുധനാഴ്ച പുലർച്ചെ 1.30 ഓടെ മരിച്ചു. സർക്കാർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ അബൂബക്കർ വീട്ടുജോലിക്കാരിയായ സുൽത്താനയുടെ മൂന്ന് മക്കളിൽ ഇളയ കുട്ടിയാണ്. സുൽത്താനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കെപിടിസിഎൽ, ബെസ്‌കോം, ബിബിഎംപി ഉദ്യോഗസ്ഥർക്കെതിരെ ഐപിസി 304 എ വകുപ്പ് പ്രകാരം മരണകാരണമായ അശ്രദ്ധയ്ക്ക് ആർടി നഗർ പോലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.