പീനിയ വരെ പോകാതെ കേരള ആർടിസി ബസുകൾ.

ബെംഗളൂരു: പീനിയ ബസവേശ്വര ബസ് ടെർമിനൽ വരെ പോകേണ്ട ചില കേരള ആർടിസി ബസുകൾ മൈസൂരു റോഡ് സാറ്റലൈറ്റ് ടെർമിനലിൽ സർവീസ് അവസാനിപ്പിക്കുന്നതായി പരാതി. കോവിഡിന് ശേഷം ഈ വർഷം ഏപ്രിലിലാണ് പീനിയയിൽ നിന്നു കേരള ആർടിസി സർവീസ് പുനരാരംഭിച്ചത്. നേരത്തെ 10 സർവീസുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ 5 സർവീസുകളാണ് ഇവിടെ നിന്ന് പുറപ്പെടുന്നത്. റിസർവേഷൻ കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്.

ടിക്കറ്റ് ഓൺലൈനിലൂടെ ബുക്ക് ചെയ്യുമ്പോൾ ഡ്രോപ്പിങ് പോയിന്റ് പീനിയ നൽകുന്നുണ്ടെങ്കിലും ബസ് സാറ്റലൈറ്റിലെത്തുമ്പോൾ തുടർ യാത്രയില്ലെന്ന് പറഞ്ഞ് യാത്ര നിർത്തുന്നതായാണ് പരാതി. പീനിയയിൽ നിന്ന് ബസ് കയറുന്നവർക്കും സമാന അനുഭവം നേരിടുന്നുണ്ട്. ഇവരെ ഇവിടെ നിന്ന് പുറപ്പെടുന്ന മറ്റു കേരള ആർടിസി ബസുകളിൽ സാറ്റലൈറ്റിൽ എത്തിക്കുകയാണ് പതിവ്.

വ്യവസായ മേഖലയായ പീനിയയിലും സമീപപ്രദേശങ്ങളിലും ജോലി ചെയ്യുന്ന മലയാളികളാണ് പീനിയ ടെർമിനലിനെ കൂടുതലായി ആശ്രയിക്കുന്നത്. ജാലഹള്ളി, യശ്വന്ത്പുര, മത്തിക്കരെ, നാഗസന്ദ്ര, ദാസറഹള്ളി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് സാറ്റലൈറ്റ്, ശാന്തിനഗർ എന്നിവിടങ്ങളിൽ എത്താതെ തന്നെ പീനിയയിൽ നിന്ന് ബസ് പിടിക്കാമെന്ന സൗകര്യമുണ്ട്. കേരള ആർടിസിയുടെ ബെംഗളൂരുവിലെ ഓപ്പറേറ്റിങ് സെന്ററായ മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് പീനിയ ടെർമിനൽ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Sreeraj PR

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us