ബെംഗളൂരു :റിസർവ്ഡ് ടിക്കറ്റ് വർഷങ്ങൾക്കു മുമ്പേ ഓൺലൈനിലും ആപ്പിലും ബുക്കു ചെയ്യാമായിരുന്നു, എന്നാലും അൺ റിസർവ്ഡ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് റയിൽവേ സ്റ്റേഷൻ കൗണ്ടറിലെ ക്യു തന്നെയായിരുന്നു ആശ്രയം, പലപ്പോഴും ക്യൂവിൽ നിന്ന് ട്രെയിൻ നഷ്ടപ്പെട്ടവരും ഉണ്ട്. അൺറിസർവ്ഡ് ടിക്കറ്റെടുക്കാൻ റെയിൽവേ സ്റ്റേഷനിൽ പോയി ഇനി ക്യൂ നിൽക്കേണ്ട. സ്മാർട്ട് ഫോണിൽ യുടിഎസ് ആപ് ഡൗൺലോഡ് ചെയ്താൽ മതി.
ദക്ഷിണ പശ്ചിമ റെയിൽവേയിലെ എല്ലാ സ്റ്റേഷനുകളിലും യുടിഎസ് മൊബൈൽ ആപ് ഉപയോഗിച്ച് അൺറിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള പദ്ധതിക്ക് തുടക്കമായി. റെയിൽവേ വോലറ്റ് ഉപയോഗിച്ച് പണമടയ്ക്കാനും ആപ്പിലൂടെ സാധിക്കും. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പേപ്പർ ലൈസ് ടിക്കറ്റുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യം ആരംഭിച്ചതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ഡിവിഷനൽ മാനേജർ ആർ.എക്സ്.സക്സേന പറഞ്ഞു. ദക്ഷിണ പശ്ചിമ റെയിൽവേയ്ക്ക് കീഴിലുള്ള ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി ഡിവിഷനുകളിലാണ് നടപ്പിലാക്കുന്നത്. ആപ് മണിക്കൂറുകൾക്കുള്ളിൽ ആയിരം പേർ ഡൗൺലോഡ് ചെയ്തു കഴിഞ്ഞതായും സക്സേന പറഞ്ഞു. ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ സബേർബൻ ട്രെയിനുകളിൽ കഴിഞ്ഞ കൊല്ലം പദ്ധതി ആരംഭിച്ചിരുന്നു.
അൺറിസർവ്ഡ് ടിക്കറ്റിന് പുറമെ, പ്ലാറ്റ്ഫോം ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവയും ആപ് ഉപയോഗിച്ച് എടുക്കാം. യാത്ര ആരംഭിക്കുന്നതിനു മൂന്നു മണിക്കൂർ മുൻപു വരെ റിസർവേഷനില്ലാത്ത ടിക്കറ്റെടുക്കാം. പ്ലാറ്റ്ഫോം ടിക്കറ്റിന്റെ സമയപരിധി രണ്ടു മണിക്കൂറാണ്. ∙ആപ് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ മൊബൈൽ നമ്പർ, പേര്, സ്ഥലം എന്നിവ രേഖപ്പെടുത്തി റജിസ്റ്റർ ചെയ്യണം. തുടർന്ന് ട്രെയിന്റെ പേര്, നമ്പർ, ക്ലാസ് എന്നിവ ടൈപ്പ് ചെയ്ത് ടിക്കറ്റെടുക്കാം.റജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ ലഭ്യമാകുന്ന ആർ വോലറ്റ് ഉപയോഗിച്ച് പണമിടപാടുകളും നടത്താം. റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ (എടിവിഎം) ഉപയോഗിച്ച് ടിക്കറ്റിന്റെ പ്രിന്റൗട്ടും എടുക്കാം. എടിവിഎമ്മിൽ മൊബൈൽ നമ്പർ ബുക്കിങ് ഐഡി നൽകിയാൽ പ്രിന്റൗട്ട് ലഭിക്കും. ∙ദക്ഷിണ പശ്ചിമ റെയിൽവേയുടെ പരിധിയിൽ വരുന്ന സ്റ്റേഷനുകളിൽ ടിക്കറ്റെടുത്തത്തിന്റെ എസ്എംഎസ് സന്ദേശമോ സ്ക്രീൻ ഷോട്ടോ കാണിച്ചാൽ മതി. എന്നാൽ മറ്റ് ഡിവിഷനുകളിലെ സ്റ്റേഷനുകളിലേക്ക് ടിക്കറ്റെടുക്കുമ്പോൾ പ്രിന്റൗട്ട് കൂടി കരുതണം. അഞ്ചു കിലോമീറ്റർ ചുറ്റളവിലെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷന്റെ സ്ഥാനം ആപ്പിലൂടെ അറിയാം.ആപ് ഉപയോഗിച്ച് ടിക്കറ്റെടുക്കുമ്പോൾ റെയിൽവേ നിർദേശിക്കുന്ന തിരിച്ചറിയൽ രേഖകളിലേതെങ്കിലും കരുതണം.പേപ്പർ ലെസ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാൻ നിലവിൽ സംവിധാനമില്ല. എന്നാൽ പ്രിന്റൗട്ട് എടുത്ത ടിക്കറ്റുകൾ കൗണ്ടറിലെത്തി ക്യാൻസൽ ചെയ്യാം.ടിക്കറ്റെടുക്കാൻ ശ്രമിച്ച് തുടർച്ചയായി മൂന്ന് തവണ പരാജയപ്പെട്ടാൽ യൂസർ അക്കൗണ്ട് ലോക്കാകും.പിന്നെ ഒരു മണിക്കൂറിന് ശേഷം മാത്രമേ അക്കൗണ്ട് വീണ്ടും പ്രവർത്തനമാരംഭിക്കുകയുള്ളൂ.
റെയിൽവേ വോലറ്റ് (ആർ വോലറ്റ്) 100രൂപ മുതൽ 5000 രൂപയ്ക്ക് വരെ റീചാർജ് ചെയ്യാൻ കഴിയും. പേടിഎം, മൊബിക്വിക്ക് പോലുള്ള ഇ–വോലറ്റുകൾ ഉപയോഗിച്ചും ടിക്കറ്റെടുക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.