ബെംഗളൂരു : കർണാടക ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്ക് വർധന ശനിയാഴ്ച അർധരാത്രിയോടെ നിലവിൽ വന്നു. 15 ശതമാനം നിരക്കുവർധനയാണ് നടപ്പായത്.
ഗതാഗത വകുപ്പിന് കീഴിലുള്ള കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.എസ്.ആർ.ടി.സി.), നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(എൻ.ഡബ്ല്യു.കെ.ആർ.ടി.സി.), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.കെ.ആർ.ടി.സി.), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) എന്നീ മൂന്നു കോർപ്പറേഷന്റെ ബസുകളിലും നിരക്കു വർധന നിലവിൽ വന്നു.
കോർപ്പറേഷനുകളുടെ എല്ലാ തരം ബസുകളിലും നിരക്കുവർധനയുണ്ട്.
അതേസമയം, കർണാടക ആർ.ടി.സി. യിൽ കേരളത്തിലേക്ക് വരുന്നവരുടെ ടിക്കറ്റ് നിരക്ക് വർധിക്കില്ല.
സംസ്ഥാനാന്തര ബസുകളുടെ ടിക്കറ്റ് നിരക്കിൽ കർണാടകയുടെ അതിർത്തിവരെയുള്ള ഭാഗത്തുമാത്രമേ വർധനയുണ്ടാകൂവെന്ന് ഗതാഗതവകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.