ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് ഈ വർഷം സൈബർ തട്ടിപ്പിൽ 137% വർധന; ഈ വർഷം നഷ്ടം 2047.2 കോടി

CYBER ONLINE CRIME

ബെംഗളൂരു∙ കർണാടകയിൽ സൈബർ തട്ടിപ്പുകളിൽ നവംബർ വരെ 20,875 കേസുകളിലായി 2047.2 കോടി രൂപ നഷ്ടമായി.

മുൻ വർഷത്തെ അപേക്ഷിച്ച് 137% വർധന. 2023ൽ ഇതു 862.7 കോടി രൂപയായിരുന്നു. ഓരോ മണിക്കൂറിലും ശരാശരി 7 ലക്ഷം രൂപ വീതം നഷ്ടപ്പെടുന്നതായി സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

കാർഡുകളുമായും നെറ്റ് ബാങ്കിങ്ങുമായും ബന്ധപ്പെട്ട ഒടിപി തട്ടിപ്പുകളിലാണ് കൂടുതൽ പേർക്കും പണം നഷ്ടമാകുന്നത്.

സർക്കാർ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരാണെന്ന വ്യാജേന കേസുകളിൽ പ്രതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വെർച്വൽ അറസ്റ്റിലാക്കി പണം തട്ടുന്നതും വ്യാപകമാണ്. 109 കോടിയോളം രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടു.

വ്യാജ ബ്രോക്കർ ആപ്പുകൾ ഉപയോഗിച്ചുള്ള ഓഹരി വിപണി നിക്ഷേപത്തട്ടിപ്പും വർധിച്ചിട്ടുണ്ട്. വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് വ്യാജ ആപ്പുകൾ ഉപയോഗിച്ച് ഇത്തരത്തിൽ പണം തട്ടുന്നത്.

ഇന്റർനെറ്റ് പരിജ്ഞാനം കുറവുള്ള മുതിർന്ന പൗരന്മാരെയും കൗമാരക്കാരെയുമാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്.

തട്ടിപ്പിൽ പെടാതിരിക്കാൻ പാസ്‌വേർഡുകളും ഒടിപി നമ്പറും കൈമാറാൻ പാടില്ലെന്ന് പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകൾ ഉപയോഗിക്കാൻ പാടില്ല.

അപരിചിതർ അയയ്ക്കുന്ന ലിങ്കുകൾ‌ തുറക്കരുത്. പൊതു ഇടങ്ങളിലെ വൈഫൈ കണക്‌ഷനുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us