ബെംഗളൂരു : മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ഈ വർഷം അവസാനത്തോടെ വിക്ഷേപണത്തിന് തയ്യാറാകുമെന്നും ബോയിങ് സ്റ്റാർലൈനറിന് സംഭവിച്ചത് ആവർത്തിക്കാതിരിക്കാൻ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.
ചന്ദ്രയാൻ 4-ന്റെ വിക്ഷേപണം സങ്കീർണമാണ്. ഘട്ടംഘട്ടമായാണ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നത്. പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ സാങ്കേതികനടപടികൾക്ക് വേഗംകൂടി.
ചന്ദ്രനിൽ ഇറങ്ങി മണ്ണും കല്ലും ശേഖരിച്ചു മടങ്ങുന്ന നാലാം ദൗത്യം മുൻ ദൗത്യങ്ങളെ അപേക്ഷിച്ച് ശ്രമകരമാണ്. ചില കാരണങ്ങളാൽ നാളെ ഭൂമി വാസയോഗ്യമല്ലാതാകാം.
അതിനാൽ ചൊവ്വയിലും ശുക്രനിലും എന്താണ് സംഭവിക്കുന്നതെന്ന് പഠിച്ചില്ലെങ്കിൽ നമ്മുടെ ഭാവിതലമുറയെ ബാധിക്കും. നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻ.ജി.എൽ.വി.) വികസിപ്പിച്ചെടുക്കാൻ ഏഴു വർഷമെടുക്കുമെന്നതിനാൽ 2028 മാർച്ചിൽ ശുക്രനിലേക്കുള്ള വീനസ് ഓർബിറ്റർ മിഷൻ മാർക്ക്-3 റോക്കറ്റിലാകും വിക്ഷേപിക്കുക.
ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മൊഡ്യൂളും മാർക്ക് 3 വെച്ചാകും ചെയ്യുക. 2030-ഓടെ റഷ്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളും വീനസ് ദൗത്യം നടത്തുന്നുണ്ട്.
ശുക്രൻ ഭൂമിയോട് അടുത്തുള്ള ഗ്രഹമാണെങ്കിലും ശുക്രന്റെ അന്തരീക്ഷത്തിന് ഭൂമിയേക്കാൾ 100 മടങ്ങ് മർദമുണ്ട്.
അതിനാൽ കൂടുതൽ വെല്ലുവിളികളുണ്ടെന്നും സോമനാഥ് പറഞ്ഞു.
ബെംഗളൂരുവിൽ ഇന്ത്യൻ സ്പെയ്‌സ് എക്സ്‌പോയോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.