ബെംഗളൂരു : 2010-ൽ കർണാടകത്തിലെ ബി.ജെ.പി. സർക്കാർ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നടപ്പാക്കിയ ഭാഗ്യലക്ഷ്മി പദ്ധതിയുടെ ഭാഗമായി സാരിവാങ്ങിയതിൽ 23 കോടി രൂപയുടെ അഴിമതിനടന്നെന്ന ആരോപണവുമായി കോൺഗ്രസ്.
സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. മാധ്യമവിഭാഗം അധ്യക്ഷൻ രമേഷ് ബാബു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തുനൽകി.
ഭാഗ്യലക്ഷ്മി പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകൾക്ക് വിതരണം ചെയ്യാൻ ഗുജറാത്തിലെ സൂറത്തിൽനിന്ന് 10,68,196 സാരികൾ വാങ്ങുകയായിരുന്നു.
മാർക്കറ്റ് നിരക്കിനെക്കാൾ കൂടുതൽ വിലയ്ക്കാണ് സാരിവാങ്ങിയതെന്നാണ് ആരോപണം.
കർണാടകത്തിലെ നെയ്ത്തുകാരെയും സഹകരണസംഘങ്ങളെയും ഒഴിവാക്കിയാണ് പുറത്തുനിന്ന് സാരിവാങ്ങിയത്. അന്ന് നിയമനിർമാണ കൗൺസിൽ അംഗമായിരുന്ന ഇപ്പോഴത്തെ രാജ്യസഭാംഗം ലഹർ സിങ് സിറോയയാണ് സാരിവാങ്ങാൻ നേതൃത്വം നൽകിയത്.
ഇതിൽ അഴിമതിയുണ്ടെന്നാരോപിച്ച് 2011-ൽ നിയമനിർമാണ കൗൺസിൽ പ്രതിപക്ഷനേതാവായിരുന്ന മൊത്തമ്മ, അംഗങ്ങളായിരുന്ന ആർ.വി. വെങ്കടേഷ്, ദയാനന്ദ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
പക്ഷേ, കാര്യമായ അന്വേഷണമുണ്ടായില്ല. ‘മുഡ’ ഭൂമിയിടപാടും വാല്മീകി എസ്.ടി. കോർപ്പറേഷൻ ഫണ്ട് തിരിമറിയുമുയർത്തി സിദ്ധരാമയ്യ സർക്കാരിനെതിരേ ബി.ജെ.പി. പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസ് പുതിയ ആരോപണമുയർത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.