ബെംഗളൂരു : ഹേമ കമ്മിറ്റിക്ക് സമാനമായ അന്വേഷണസമിതിയെ കന്നഡ സിനിമാ മേഖലയിലും നിയോഗിക്കണമെന്നാവശ്യം.
സ്ത്രീകൾക്കുനേരെയുണ്ടാകുന്ന ലൈംഗികാതിക്രമമുൾപ്പെടെ അന്വേഷിക്കാൻ റിട്ട. സുപ്രീം കോടതി ജഡ്ജിയുടെയോ റിട്ട. ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കന്നഡ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാളിറ്റി(‘ഫയർ’) മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തുനൽകി.
സിനിമാമേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായും തുല്യതയോടെയും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാനുള്ള നടപടികൾ അനിവാര്യമാണെന്ന് കത്തിൽ പറഞ്ഞു.
ഇതിനുവേണ്ടിയുള്ള നിർദേശങ്ങൾ സമിതി സമർപ്പിക്കണം. സമിതിയുടെ അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.
സംഘടനയിലെ നടികളും സംവിധായകരും ഉൾപ്പെടെ 153 അംഗങ്ങളുടെ പേരിലാണ് കത്ത് നൽകിയത്.സംവിധായിക കവിതാ ലങ്കേഷ്, നടിമാരായ രമ്യ, ഐന്ദ്രിത റോയ്, പൂജാ ഗാന്ധി, ശ്രുതി ഹരിഹരൻ, ചൈത്ര ജെ. ആചാർ, സംയുക്ത ഹെഗ്‌ഡെ, ഹിത, നടൻമാരായ സുദീപ്, ചേതൻ അഹിംസ തുടങ്ങിയവർ ഇതിലുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.