ഷിരാദി ചുരം റോഡ് വികസനം; ബദലായി തുരങ്കപാതാ പദ്ധതി ആവശ്യം ശക്തം

ബെംഗളൂരു : ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ ഷിരാദി ചുരം റോഡ് വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായി.

മഴക്കാലമായാൽ ഈ റൂട്ടിൽ യാത്ര പേടിപ്പെടുത്തുന്നതാണ്. തുടർച്ചയായി മണ്ണിടിച്ചിലുണ്ടാകുന്നതും വാഹനങ്ങൾ കുടുങ്ങുന്നതുമാണ് പ്രധാനപ്രശ്നം.

പാതയുടെ 25 കിലോമീറ്റർ ദൂരം വളഞ്ഞു കയറുന്ന ചുരത്തിലൂടെയാണ് കടന്നുപോകുന്നത്. മഴക്കാലമായാൽ റോഡുതകർച്ചയും വേഗത്തിലാകും.

കടലോരനഗരമായ മംഗളൂരുവിനെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത(75)യാണിത്. ബെംഗളൂരുവിൽനിന്ന് ഇതുവഴി മംഗളൂരുവിലെത്തി കാസർകോടുവഴി കേരളത്തിലേക്കും പോകാനാകും.

ഹാസനിലെ സകലേശ്പുരമുതൽ മാറണഹള്ളിവരെയുള്ള ഭാഗത്താണ് മണ്ണിടിച്ചിൽ ആവർത്തിക്കുന്നത്. ഇത്തവണ അഞ്ചുതവണയാണ് മണ്ണിടിച്ചിലുണ്ടായത്.

രണ്ടുതവണ ഇടിഞ്ഞുവീണ മണ്ണിൽ വാഹനങ്ങൾ കുടുങ്ങി. നിലവിൽ ഇവിടെ റോഡുതന്നെയില്ലാത്ത സ്ഥിതിയുണ്ട്. ചുരത്തിന്റെ ഭാഗം രണ്ടുവരിപ്പാതയാണ്.

വനംമേഖലയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. റോഡിന്‌ വീതികൂട്ടി വികസിപ്പിച്ചാലേ ഗതാഗതം സുഗമമാകൂ. ഇതിന് വനഭൂമി വിട്ടുകിട്ടേണ്ടതുണ്ട്.

മഴയൊഴിഞ്ഞുനിൽക്കുന്നതിനാൽ നിലവിൽ പാതയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പക്ഷേ, ശക്തമായ മഴവന്നാൽ യാത്ര ദുഷ്കരമാകും.

ഒരുതവണ മണ്ണിടിഞ്ഞ് തടസ്സപ്പെടുന്ന റോഡ് മണ്ണുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുമ്പോഴേക്കും വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്ന കാഴ്ചയാണ് ഇത്തവണ കണ്ടത്.

ചുരത്തിൽ തുരങ്കപാത നിർമിച്ച് സ്ഥിരം യാത്രാപ്രതിസന്ധി ഒഴിവാക്കണമെന്ന് വർഷങ്ങളായി ഉയരുന്ന ആവശ്യമാണ്.

2007-ൽ ഇതിനായി പദ്ധതി തയ്യാറാക്കുകയും സർക്കാരിന് സമർപ്പിക്കുകയുംചെയ്തിരുന്നു. മാറണഹള്ളി മുതൽ അദ്ദഹോൾ വരെ 26 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാത നിർമിക്കാനായിരുന്നു പദ്ധതി.

11,000 കോടി രൂപയുടെ പദ്ധതിക്കാണ് അന്ന് രൂപംനൽകിയത്. ഇതിനും കുറച്ച് വനഭൂമി ഏറ്റെടുക്കേണ്ടിവരും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us