പിജി ഹോസ്റ്റലിലെ യുവതിയുടെ കൊലപാതകം; കുത്തേറ്റ യുവതിയെ നോക്കി നിന്ന് ഹോസ്റ്റലിലെ മറ്റ് താമസക്കാർ

ബെംഗളൂരു: പിജി ഹോസ്റ്റലില്‍ അതിക്രൂരമായി യുവതി കൊല്ലപ്പെട്ടത് വലിയ വാർത്തയായിട്ടുണ്ട്.

അതിനൊപ്പം തന്നെ യുവതി സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും ദയാദാക്ഷിണ്യമില്ലാതെ നോക്കിനിന്ന ഹോസ്റ്റലിലെ താമസക്കാരായ മറ്റു പെണ്‍കുട്ടികളുടെ നിസംഗതയും ചർച്ചയാകുകയാണ്.

അക്രമി അതിക്രൂരമായി കുത്തിപരുക്കേല്‍പിച്ച്‌ പോയ ശേഷം തറയിലിരുന്നുപോയ കൃതി മറ്റു പെണ്‍കുട്ടികളെ സഹായത്തിനായി കരഞ്ഞു വിളിച്ചെങ്കിലും ഏറെനേരം ആരും സഹായിച്ചില്ലെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കൃതിയുടെ നിലവിളി കേട്ട മറ്റു താമസക്കാരായ പെണ്‍കുട്ടികള്‍ മൂന്നുപേർ മുകള്‍നിലയില്‍ നിന്നിറങ്ങി വരുന്നുണ്ട്.

പക്ഷേ അവരാരും കൃതിയെ സഹായിക്കാനായി അരികിലേക്ക് എത്തുന്നില്ല. അവർ ഫോണില്‍ ആരെയോ വിളിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്.

ചിലപ്പോള്‍ ഹോസ്റ്റല്‍ അധികൃതരെയോ പോലീസിനെയോ ആകാം വിളിച്ചത്.

പക്ഷെ ഒരാശ്വാസ വാക്ക് പറയാൻ പോലും ഒരാളും ആ പെണ്‍കുട്ടിക്ക് അരികിലേക്ക് എത്തിയില്ല എന്നത് അതി ദാരുണമെന്നാണ് വിശേഷിപ്പിക്കേണ്ടത്.

ശരീരമാസകലം രക്തം വാർന്നൊഴുകുമ്പോഴും ദയനീയമായി കൃതി സഹായത്തിന് അഭ്യർത്ഥിക്കുന്നുണ്ട്.

പക്ഷേ പെണ്‍കുട്ടികള്‍ പരസ്പരം നോക്കിനിന്ന് എന്തോ സംസാരിക്കുകയാണ്.

ഒരു പെണ്‍കുട്ടി വാതില്‍ മെല്ലെ തുറന്ന് പുറത്തേക്ക് നോക്കുന്നതും കൃതിയുടെ അവസ്ഥ കണ്ടിട്ട് പെട്ടെന്ന് മുറിയടച്ച്‌ ഉള്ളിലേക്ക് വലിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കുറച്ചകലെയായി നിന്ന മറ്റൊരു പെണ്‍കുട്ടിയോടും കൃതി സഹായത്തിനായി കരഞ്ഞപേക്ഷിക്കുന്നുണ്ട്.

ആ കുട്ടി അവളുടെ അടുത്തേക്ക് നടക്കുമ്പോഴേക്കും കൃതി ഇരുന്ന ഇരിപ്പില്‍ കുഴഞ്ഞുവീഴുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണാൻ കഴിയുന്നത്.

ആക്രമണത്തിന് ശേഷം തറയില്‍ നിന്ന് എഴുന്നേല്‍ക്കാൻ കഴിഞ്ഞതേയില്ല കൃതിക്ക്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് 24കാരിയായ കൃതി കുമാരി കൊല്ലപ്പെടുന്നത്.

കൊല്ലപ്പെട്ട കൃതിയുടെ റൂംമേറ്റിൻ്റെ ബോയ്ഫ്രണ്ടായ അഭിഷേകാണ് കൊലപാതകി.

കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ അഭിഷേക് കൃതിയെ പലതവണ കുത്തുകയും കഴുത്തറുക്കുകയും ചെയ്യുകയായിരുന്നു.

കൃതിയുടെ സുഹൃത്തായ പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധം തകർന്നതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us