ബെംഗളൂരു: കോൺഗ്രസ് കർണാടക ഘടകത്തിലെ വിഭാഗീയത ഒരിടവേളയ്ക്കുശേഷം വീണ്ടും തലപൊക്കുന്നു. സംസ്ഥാന മന്ത്രിസഭയിൽ ഡി.കെ. ശിവകുമാറിനു പുറമെ, മൂന്ന് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന ആവശ്യം പാർട്ടിക്കകത്ത് ഒരുവിഭാഗം ശക്തമായി ഉയർത്തിയതോടെയാണിത്.
ലിംഗായത്ത്, എസ്.സി.-എസ്.ടി., ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നും ഓരോ ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്നാണ് ആവശ്യം.
മന്ത്രിമാരായ കെ.എൻ. രാജണ്ണ, സമീർ അഹമ്മദ് ഖാൻ, സതീഷ് ജാർക്കിഹോളി തുടങ്ങിയവരാണ് ആവശ്യമുന്നയിക്കുന്നവരുടെ മുൻപന്തിയിലുള്ളത്.
ഇവർ സിദ്ധരാമയ്യയുമായി അടുപ്പം പുലർത്തുന്നവരാണ്. മന്ത്രി പ്രിയങ്ക് ഖാർഗെയെപ്പോലുള്ളവർ ഈ ആവശ്യത്തെ നിരസിച്ച് ശിവകുമാറിന് പിന്തുണ നൽകി രംഗത്തുണ്ട്.
ശിവകുമാറിന് സർക്കാരിലും പാർട്ടിയിലുമുള്ള അധികാരബലത്തിന് തടയിടാൻ മൂന്ന് ഉപമുഖ്യമന്ത്രിമാർകൂടി വന്നാൽ സാധിക്കുമെന്നാണ് സിദ്ധരാമയ്യ വിഭാഗത്തിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞവർഷം കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ശക്തമായ പിടിവലിയുമായി നിന്നപ്പോൾ സമവായത്തിന്റെ ഭാഗമായി ഹൈക്കമാൻഡ് കൈക്കൊണ്ട തീരുമാനമായിരുന്നു ഡി.കെ. ശിവകുമാർമാത്രം ഉപമുഖ്യമന്ത്രിയാകുകയെന്നത്. കെ.പി.സി.സി. അധ്യക്ഷസ്ഥാനത്ത് ശിവകുമാർ തുടരാനും തീരുമാനിച്ചു.
അങ്ങനെയാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ശിവകുമാർ അംഗീകരിച്ചത്. രണ്ടരവർഷം കഴിയുമ്പോൾ ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം നൽകണമെന്നുമായിരുന്നു തീരുമാനം.
അതിന് ഒന്നരവർഷംകൂടി ബാക്കിയുണ്ട്. അതിനിടയിലാണ് ശിവകുമാറിനെക്കൂടാതെ മൂന്ന് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന ആവശ്യം ശക്തമായത്.
സിദ്ധരാമയ്യ വിഭാഗം ഈയാവശ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുൻപും ഉയർത്തിയിരുന്നു. പാർട്ടിയിൽ വിഭാഗീയത വീണ്ടും ശക്തമാകുന്നതിനുള്ള സാധ്യത മുന്നിൽക്കണ്ട് ഹൈക്കമാൻഡ് ഇടപെട്ട് തടഞ്ഞതായിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് വീണ്ടും ശക്തമായി. വിഷയത്തിൽ ഹൈക്കമാൻഡിന് താമസിയാതെ തീരുമാനമെടുക്കേണ്ടിവരും.
മൂന്ന് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന ആവശ്യത്തിൽ പാർട്ടി ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഹൈക്കമാൻഡിന്റെ തീരുമാനമെന്തായാലും അത് അന്തിമമായിരിക്കുമെന്നാണ് സിദ്ധരാമയ്യ ബുധനാഴ്ച ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.