ബെംഗളൂരു : നഗരത്തിൽ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എത്തുന്നവരിൽനിന്ന് മൊബൈൽ ഫോണും പണവും തട്ടുന്ന സംഘങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങി.
റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ ഇറങ്ങി ഒറ്റയ്ക്ക് നടന്നുപോകുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്.
ശനിയാഴ്ച രാത്രി ഒമ്പതരയോടെ കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷനിൽ തീവണ്ടിയിറങ്ങി ഓഫീസിലേക്ക് പോവുകയായിരുന്ന മലയാളിയുടെ മൊബൈൽ ഫോൺ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ തട്ടിയെടുത്തു.
പിന്നാലെ ഓടിനോക്കിയെങ്കിലും സംഘം വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. മില്ലേഴ്‌സ് ടാങ്ക് ബണ്ട് റോഡിലായിരുന്നു സംഭവം. ഹൈഗ്രൗണ്ട് പോലീസിൽ പരാതിനൽകി.
രാത്രി ഒമ്പതിനുശേഷം വിജനമാകുന്ന സ്ഥലങ്ങളിലാണ് പിടിച്ചുപറിസംഘങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
അതിനാൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ് ശക്തമാക്കേണ്ടത് അത്യാവശ്യമാണ്.
പുലർച്ചെ തീവണ്ടികളിലും ബസുകളിലും വന്നിറങ്ങുന്നവരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഭവങ്ങൾ മുമ്പ് വ്യാപകമായിരുന്നെങ്കിലും അടുത്തകാലത്ത് ഇത്തരം സംഭവങ്ങൾ കുറഞ്ഞിരുന്നു.
കലാസിപാളയം, മജെസ്റ്റിക്, മഡിവാള ഭാഗങ്ങളിലായിരുന്നു കവർച്ചസംഭവങ്ങൾ കൂടുതൽ. കവർച്ചയ്ക്കരയാകുന്നവർ പലരും പരാതിപ്പെടാൻ തയ്യാറാകാത്തത് കൊള്ളസംഘത്തിന് സഹായകമാവുകയാണ്.
പോലീസിൽ പരാതിനൽകിയാലും കാര്യമില്ലെന്ന ചിന്തയിലാണ് പലരും പരാതിപ്പെടാൻ തയ്യാറാകാത്തത്.
സുരക്ഷിതം ഓൺലൈൻ ടാക്‌സി
പുലർച്ചസമയങ്ങളിൽ ബസ് സ്റ്റാൻഡുകളിൽനിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ഓട്ടോറിക്ഷാ ഡ്രൈവർമാരും കബളിപ്പിക്കാറുണ്ട്.
വിജനമായ സ്ഥലമെത്തുമ്പോൾ കവർച്ചസംഘത്തിലെ ആളുകൾകൂടി ഓട്ടോയിൽ കയറി യാത്രക്കാരന്റെ വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുത്ത സംഭവങ്ങൾ മുമ്പുണ്ടായിട്ടുണ്ട്.
പുലർച്ചെ നഗരത്തിൽ ബസ്സിറങ്ങുന്നവർ ഓൺലൈൻ ടാക്‌സികളെ ആശ്രയിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
ഡ്രൈവറുടെയും വാഹനത്തിന്റെയും വിവരങ്ങൾ യാത്രക്കാരുടെ കൈവശമുള്ളതിനാൽ ഡ്രൈവർമാർ കവർച്ചയ്ക്ക് കൂട്ടുനിൽക്കാനുള്ള സാധ്യത കുറയും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.