മണ്ണിടിച്ചിൽ ഭീഷണി നേരിട്ട് സംസ്ഥാനത്തെ 1,351 ഗ്രാമങ്ങൾ

landslide

ബെംഗളൂരു : സംസ്ഥാനത്ത് പശ്ചിമഘട്ട മേഖലയിലെ 1,351 ഗ്രാമങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത കൂടുതലുള്ളതായി റവന്യുവകുപ്പ് കണ്ടെത്തി.

ഉത്തര കന്നഡ, ശിവമോഗ, ചിക്കമഗളൂരു, ദക്ഷിണ കന്നഡ, കുടക്, ഹാസൻ, ഉഡുപ്പി ജില്ലകളിലെ ഗ്രാമങ്ങളിലാണ് മണ്ണിടിച്ചിൽ ഭീഷണി കൂടുതൽ.

ഉത്തരകന്നഡ-616, ശിവമോഗ-374, ചിക്കമഗളൂരു-209, ദക്ഷിണ കന്നഡ-51, കുടക്-45, ഉഡുപ്പി-16 എന്നിങ്ങനെയാണ് മണ്ണിടിച്ചിൽ സാധ്യത കൂടുതലുള്ള ഗ്രാമങ്ങളുടെ എണ്ണം.

2022-നുശേഷം മഴക്കെടുതിയിൽ ഈഭാഗത്ത് 82 പേർ മരിച്ചതായും 462 വളർത്തുമൃഗങ്ങൾ ചത്തതായും സർക്കാർ കണക്കുകൾ പറയുന്നു.

ഇതോടൊപ്പം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,698 ഗ്രാമങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിൽ 1,478 ഗ്രാമങ്ങളും കൃഷ്ണാനദിയുടെ സമീപപ്രദേശങ്ങളിലാണുള്ളത്. കലബുറഗി ജില്ലയിൽമാത്രം 292 ഗ്രാമങ്ങളാണ് ഇത്തരത്തിലുള്ളത്.

തെക്കൻ കർണാടകത്തിൽ കാവേരി നദിയുടെ സമീപപ്രദേശത്ത് 124 ഗ്രാമങ്ങളിലാണ് വെള്ളപ്പൊക്കഭീഷണിയുള്ളത്.

ചരിത്രപരമായ വിവരങ്ങൾ, പ്രാദേശിക ഭൂപ്രകൃതി, ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വിവരങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

മഴക്കാലം ശക്തിപ്രാപിക്കുന്നതിന് മുന്നോടിയായി ഈ ഗ്രാമങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകിയിട്ടുണ്ട്.

ബെലഗാവി, റായ്ച്ചൂരു, കൊപ്പാൾ, ബല്ലാരി, ഗദഗ്, ഹാവേരി, ശിവമോഗ, ദാവണഗെരെ, ബാഗൽകോട്ട്, യാദ്ഗിർ, മൈസൂരു എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശംകൊടുത്തിട്ടുണ്ട്.

2022-നുശേഷം വെള്ളപ്പൊക്കത്തെത്തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,408 വീടുകളും 1,471 പാലങ്ങളും 6,998 സ്കൂൾ കെട്ടിടങ്ങളും 236 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 3,789 അങ്കണവാടികളും നശിച്ചിട്ടുണ്ട്.

അതേസമയം, ബെംഗളൂരുപോലുള്ള നഗരങ്ങളിൽ പെട്ടന്നുണ്ടാകുന്ന വെള്ളപ്പൊക്കം ആങ്കയുണ്ടാക്കുന്നതാണെന്നാണ് വിലയിരുത്തൽ.

കുറച്ചുനേരം ശക്തിയായി മഴപെയ്താൽപ്പോലും നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം പൊങ്ങുന്നത് പതിവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us