ബെംഗളൂരു-മൈസൂരു പാതയെ മരണരഹിത മേഖലയാക്കിമാറ്റാനുള്ള ട്രാഫിക് പോലീസിന്റെ നടപടികൾ ഫലം കാണുന്നു

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ വാഹനാപകടങ്ങൾ കുറയ്ക്കാൻ ട്രാഫിക് പോലീസ് നടത്തുന്ന നടപടികൾ ഫലം കാണുന്നു.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം പാതയിൽ വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞതായി ട്രാഫിക് പോലീസ് പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു.

2023 ജനുവരി മുതൽ മേയ് വരെ ഈ പാതയിൽ നൂറുപേരുടെ ജീവൻ പൊലിഞ്ഞപ്പോൾ ഈ വർഷം ഇതേ കാലയളവിൽ മരിച്ചത് 31 പേരാണ്.

2023 മേയിൽ 29 പേർ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഈ വർഷം മേയിൽ മരിച്ചത് മൂന്നുപേർ മാത്രമാണ്.

കഴിഞ്ഞവർഷം ജനുവരിമുതൽ മേയ് വരെ 288 വാഹനാപകടങ്ങൾ ഈ പാതയിലുണ്ടായി. ഇതിൽ 87 അപകടങ്ങൾ മരണത്തിന് കാരണമായി.

100 പേർ മരിച്ചതിനുപുറമെ 301 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഇതിൽ ഏറ്റവുമധികം അപകടങ്ങളുണ്ടായത് മേയിലാണ്.

-71 ജനുവരിയിൽ 52, ഫെബ്രുവരിയിൽ 55, മാർച്ചിൽ 49, ഏപ്രിലിൽ 61 എന്നിങ്ങനെയായിരുന്നു അപകടങ്ങളുണ്ടായത്.

ഈ വർഷം ആകെ 125 വാഹനാപകടങ്ങളുണ്ടായി. ഇതിൽ 28 അപകടങ്ങളിൽ 31 പേർമരിച്ചു. 167 പേർക്ക് പരിക്കേറ്റു. ജനുവരിയിൽ 27, ഫെബ്രുവരിയിൽ 14, മാർച്ചിൽ 28, ഏപ്രിലിൽ 31, മേയിൽ 25 എന്നിങ്ങനെയാണ് അപകടങ്ങളുണ്ടായത്.

എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളവയുൾപ്പെടെ ക്യാമറകൾ വ്യാപകമായി സ്ഥാപിച്ചും ഗതാഗതനിയമം ലംഘിക്കുന്നവർക്കെതിരേ കൃത്യമായ നടപടിയെടുത്തുമാണ് അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നത്.

ബെംഗളൂരു-മൈസൂരു പാതയെ മരണരഹിത മേഖലയാക്കിമാറ്റാനാണ് ശ്രമമെന്ന് ട്രാഫിക് എ.ഡി.ജി.പി. അലോക് കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us