നാഗേന്ദ്രയുടെ രാജി: ഈശ്വരപ്പയുടെ രാജിയുടെ തനിയാവർത്തനം; രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് നാഗേന്ദ്ര

ബെംഗളൂരു: 2022-ൽ ബി.ജെ.പി. മന്ത്രിയായിരുന്ന മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പയുടെ രാജിയുടെ തനിയാവർത്തനമാണ് വ്യാഴാഴ്ച ബി. നാഗേന്ദ്രയുടെ രാജിയിലൂടെ സംസ്ഥാനം സാക്ഷ്യംവഹിച്ചത്.

ഒരു കരാറുകാരൻ ജീവനൊടുക്കിയ സംഭവമാണ് ഗ്രാമവികസന മന്ത്രിയായിരുന്ന ഈശ്വരപ്പയുടെ രാജിയിലേക്കു നയിച്ചത്.

സന്തോഷ് കെ. പാട്ടീൽ എന്ന കരാറുകാരന്റെ ആത്മഹത്യക്കുറിപ്പിൽ ഈശ്വരപ്പയുടെ പേരുണ്ടായിരുന്നു.

പൂർത്തിയാക്കിയ പ്രവൃത്തിയുടെ ബിൽ കമ്മിഷൻ നൽകാത്തതിനാൽ പാസാക്കുന്നില്ലെന്നും തന്റെ മരണത്തിനുപിന്നിൽ ഈശ്വരപ്പ ഉത്തരവാദിയാണെന്നും സന്തോഷ് പാട്ടീൽ ഒരു സുഹൃത്തിന് വാട്‌സാപ്പ് സന്ദേശമായി അയച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

ഇതുയർത്തിയ വൻ വിവാദത്തിനൊടുവിലാണ് ഈശ്വരപ്പ രാജിവെച്ചത്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി ഈശ്വരപ്പയുട പേരിൽ പോലീസ് കെസെടുത്തിരുന്നു.

നാഗേന്ദ്രയുടെ രാജിയിലേക്കുനയിച്ചതും ഒരാളുടെ ആത്മഹത്യയാണ്. പട്ടികവർഗ വികസന കോർപ്പറേഷനിലെ അക്കൗണ്ട്‌സ് വിഭാഗം സൂപ്രണ്ടായിരുന്ന പി. ചന്ദ്രശേഖർ ജീവനൊടുക്കിയതോടെയാണ് നാഗേന്ദ്രയ്ക്കുനേരേ ആരോപണക്കുരുക്ക് വീണത്.

കോർപ്പറേഷന്റെ ഫണ്ട്‌ തിരിമറിനടത്തിയെന്ന് ആരോപണമുയർന്നതോടെയാണ് ചന്ദ്രശേഖർ ജീവനൊടുക്കിയത്.

ഫണ്ട് വകമാറ്റിയതിന് ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥരുടെ പേരും ഇതിന്‌ ഒരു മന്ത്രി വാക്കാൽ നിർദേശംനൽകിയെന്നും ചന്ദ്രശേഖറിന്റെ ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നു.

ഒരു മന്ത്രി എന്ന് പരാമർശിച്ചത് പട്ടികവർഗ വികസനവകുപ്പിന്റെ ചുമതലയുള്ള നാഗേന്ദ്രയെയാണെന്ന് വ്യക്തമായിരുന്നു.

സംഭവം കോൺഗ്രസിനെതിരായ ആയുധമായി ബി.ജെ.പി. ഏറ്റെടുക്കുകയുംചെയ്തു. പാർട്ടിയിൽനിന്നും നാഗേന്ദ്രയുടെ രാജിക്ക് സമ്മർദമുണ്ടായെന്നും സൂചനയുണ്ട്. ഇതാണ് ഒടുവിൽ രാജിയിൽ കലാശിച്ചത്.

അതേസമയം രാജിവെക്കാൻ താൻ സ്വയം തീരുമാനിച്ചതാണെന്ന് ബി. നാഗേന്ദ്ര പറഞ്ഞു. ‘കഴിഞ്ഞ പത്തുദിവസമായി മാധ്യമങ്ങൾ എസ്.ടി. ഡിവലപ്‌മെന്റ് കോർപ്പറേഷനിലെ ഫണ്ട് തിരിമറി വിവാദമുയർത്തി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്.

പ്രതിപക്ഷം സർക്കാരിനെ മോശമായി ചിത്രീകരിക്കുന്നു. എസ്.ഐ.ടി. കുറെ ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യുകയും അന്വേഷണം തുടരുകയുംചെയ്യുന്നു. ഈ സാഹചര്യത്തിൽ രാജിവെക്കാൻ സ്വന്തമായി തീരുമാനിക്കുകയായിരുന്നു’ -നാഗേന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us