ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ എ.ഐ. ക്യാമറകൾ സ്ഥാപിച്ച് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 12,000 നിയമലംഘനങ്ങൾ.
പിഴ അടയ്ക്കാനുള്ള നോട്ടീസ് വാഹന ഉടമകളുടെ മൊബൈൽ ഫോണിലേക്ക് നേരിട്ടുവരും.
കർണാടക ആർ.ടി.സി. ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ട്രാഫിക്-റോഡ് സുരക്ഷാ എ.ഡി.ജി.പി. അലോക് കുമാർ എക്സിൽ പോസ്റ്റുചെയ്തു.
രാത്രിയായാലും പകലായാലും ബെംഗളൂരു-മൈസൂരു പാതയിൽ ക്യാമറകളുടെ കണ്ണുവെട്ടിച്ച് നിയമലംഘനം നടത്താനാകില്ലെന്നും അലോക് കുമാർ പറഞ്ഞു.
വാഹനം ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ചതിനും ഫോൺ പിടിച്ചുകൊണ്ടിരുന്നതിനുമാണ് കൂടുതൽക്കേസുകൾ.
പാതയിൽ പോലീസിന്റെ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്നും 15 ദിവസംകൊണ്ട് 12192 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയെന്നും കർണാടക പോലീസ് എക്സിൽ പോസ്റ്റുചെയ്തു.
പാതയിൽ ഗതാഗത നിയമലംഘനങ്ങൾ പതിവായതിനെത്തുടർന്ന് അടുത്തിടെയാണ് 60 എ.ഐ. ക്യാമറകൾ സ്ഥാപിച്ചത്.
60 ക്യാമറകളിൽ 48 എണ്ണം ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ.പി.ആർ.) ക്യാമറകളാണ്. പാതയിലെ മൂന്നുസ്ഥലങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എൻ.എച്ച്.എ.ഐ.) വീഡിയോ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
നിയമലംഘനങ്ങളും അപകടങ്ങളും കൂടിയതോടെ കഴിഞ്ഞ ജൂലായിൽ ദേശീയപാതാ അധികൃതർ വിദഗ്ധസമിതിയെ നിയോഗിച്ച് സുരക്ഷാപരിശോധന നടത്തിയിരുന്നു. തുടർന്നാണ് കൂടുതൽ ക്യാമറകൾ സ്ഥാപിച്ചത്.
പാതയിൽ ഓരോ രണ്ടുകിലോമീറ്ററുകൾക്കുള്ളിലും എ.ഐ. ക്യാമറകളുണ്ട്. വാഹനങ്ങളുടെ ചിത്രവും നമ്പർപ്ലേറ്റുകളും ക്യാമറകൾ ചിത്രീകരിക്കും. ട്രാക്ക് തെറ്റിക്കുന്നതും തെറ്റായദിശയിൽ വാഹനം ഓടിക്കുന്നതുമാണ് പാതയിൽക്കാണുന്ന പ്രധാന നിയമലംഘനങ്ങൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.