ബെംഗളൂരു: കേരള ആർടിസിയുടെ സംസ്ഥാനാന്തര ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചിട്ടും നടപടികൾ കാര്യക്ഷമമല്ലെന്ന് പരാതി.
കഴിഞ്ഞ ദിവസം ബെംഗളൂരു–തിരുവനന്തപുരം എസി മൾട്ടി ആക്സിൽ ബസിൽ കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 5 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് കണ്ടെത്തിയിരുന്നു.
സമാനമായ ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നഞ്ചൻഗുഡിൽ വച്ച് പരിശോധന നടത്തിയത്. സംഭവത്തിൽ ഡ്രൈവർ കം കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു.
ഇതേ ബസിൽ നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന യാത്രക്കാരന് ടിക്കറ്റ് നൽകിയിരുന്നില്ല. തിരിച്ചുപോകുമ്പോൾ ഇതേ ബസിൽ തന്നെ യാത്ര ചെയ്തെങ്കിലും അപ്പോഴും ടിക്കറ്റ് ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയത്.
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരള ആർടിസിക്ക് മികച്ച വരുമാനം ലഭിക്കുന്ന റൂട്ടുകളിലാണ് ചില ജീവനക്കാരുടെ തെറ്റായ നടപടികൾ കാരണം പണം നഷ്ടപ്പെടുന്നത്.
ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകളിലും ടിക്കറ്റ് നൽകാത്തത് സംബന്ധിച്ച് യാത്രക്കാർ പരാതി നൽകിയിരുന്നു.
റിസർവേഷൻ റദ്ദാക്കുന്ന സീറ്റുകളിൽ പകരം കയറുന്ന യാത്രക്കാർക്കാണ് ടിക്കറ്റ് നൽകാതെ തട്ടിപ്പ് നടത്തുന്നത്.
ഇവരോട് ടിക്കറ്റ് തുക ഇറങ്ങാൻ നേരം നൽകിയാൽ മതിയെന്നാണ് പൊതുവേ പറയാറുള്ളത്. പലരും ഇറങ്ങുന്ന സമയത്ത് പണം നൽകുമെങ്കിലും ടിക്കറ്റ് ചോദിക്കാൻ മറക്കും.
അതോടെ, ആ തുക ജീവനക്കാർക്ക് ലഭിക്കും. റിസർവ് ചെയ്ത സീറ്റുകളിൽ യാത്രക്കാർ എത്തിയില്ലെങ്കിൽ ബസ് പുറപ്പെടുന്നതിന് മുൻപ് കൗണ്ടറിൽ അറിയിക്കണമെന്നാണ് നിയമം.
എന്നാൽ, മിക്കപ്പോഴും ഇത് പാലിക്കാതെ ഈ സീറ്റുകളിലേക്ക് പകരം യാത്രക്കാരെ കയറ്റാറാണുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.