ബെംഗളൂരു : തന്റെ തട്ടകമായ കലബുറഗിയിൽ വോട്ടർമാരോട് വൈകാരികമായി സംസാരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ല. ബി.ജെ.പി., ആർ.എസ്.എസ്. ആദർശങ്ങളെ തോൽപ്പിക്കാനും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുമായി രാഷ്ട്രീയം തുടരുമെന്നും ഖാർഗെ വ്യക്തമാക്കി.
ബി.ജെ.പി., ആർ.എസ്.എസ്. ആദർശങ്ങളെ തോൽപ്പിക്കാനായാണ് താൻ ജനിച്ചതെന്നും അതിനുമുമ്പിൽ ഒരിക്കലും കീഴടങ്ങില്ലെന്നും ഖാർഗെ പറഞ്ഞു.
കലബുറഗിയിൽനിന്ന് 2009-ലും 2014-ലും എം.പി.യായ ഖാർഗെ 2019-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
‘‘കോൺഗ്രസ് സ്ഥാനാർഥിക്ക് നിങ്ങൾ വോട്ടുചെയ്താലും ഇല്ലെങ്കിലും, കലബുറഗിക്കുവേണ്ടി ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ എന്റെ ശവസംസ്കാരത്തിനെങ്കിലും വരണം’’ കലബുറഗിയിലെ അഫ്സൽപുരിൽ കോൺഗ്രസ് തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കവേ ഖാർഗെ പറഞ്ഞു.
‘‘ഇത്തവണ നിങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടുചെയ്തില്ലെങ്കിൽ എനിക്ക് കലബുറഗിയിൽ ഇനി ഒരു സ്ഥാനവുമില്ലെന്നും നിങ്ങളുടെ ഹൃദയത്തിൽ ഇടംനേടാൻ എനിക്ക് കഴിഞ്ഞില്ലെന്നും ഞാൻ കരുതും.
തിരഞ്ഞെടുപ്പിൽ മത്സരിച്ചാലും ഇല്ലെങ്കിലും അവസാനശ്വാസംവരെ താൻ രാഷ്ട്രീയക്കാരനായി തുടരും’’. -അദ്ദേഹം പറഞ്ഞു.
ഇത്തവണ ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണിയാണ് കലബുറഗിയൽ കോൺഗ്രസ് സ്ഥാനാർഥി. റാലിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംബന്ധിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.